22 October Thursday

പൊതുവിദ്യാലയ മികവിൽ ഗോകുലിന്‌ നേട്ടം

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

കീം പരീക്ഷയിൽ രണ്ടാം റാങ്ക്‌ നേടിയ ഗോകുലിനെ അമ്മ സുപ്രിയ ആശ്ലേഷിക്കുന്നു. അച്ഛൻ ടി കെ ഗോവിന്ദനും സഹോദരി ഗോപികയും സമീപം

പിലാത്തറ
ഒന്നാംതരംമുതൽ പ്ലസ് ടുവരെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച മാതമംഗലം കണ്ടോന്താറിലെടി കെ ഗോകുൽ ഗോവിന്ദിന്‌ സംസ്ഥാന എൻജിനിയറിങ്‌  പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്‌.  കണ്ണൂർ ജില്ലയിലെ ഒന്നാം റാങ്കും ഗോകുലിനാണ്‌.  
ഒന്നുമുതൽ ഏഴുവരെ കണ്ടോന്താർ ഇടമന യുപി സ്കൂളിലും  എട്ടുമുതൽ പത്തുവരെ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലും പ്ലസ്ടുവിന് മാതമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. സംസ്ഥാനതല ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ എട്ടാം ക്ലാസ്‌ മുതൽ പ്ലസ്ടുവരെ തുടർച്ചയായി അഞ്ചു വർഷവും സംസ്ഥാനതലത്തിൽ പങ്കെടുത്തിരുന്നു. 
   കഴിഞ്ഞ തവണത്തെ എൻജിനിയറിങ്‌ പ്രവേശന പരീക്ഷയിൽ 239–-ാം  റാങ്കായിരുന്നു. റാങ്ക്  മെച്ചപ്പെടുത്തണമെന്ന ആഗ്രഹവുമായാണ് പാലാ ബ്രില്യന്റ്‌ സ്‌റ്റഡി സെന്ററിൽ പരിശീലനത്തിന്‌ ചേർന്നത്‌. ഇലക്ട്രിക്കൽ എൻജിനിയറിങ്ങിന്‌ ചേരാനാണ്‌ താൽപ്പര്യം. എൻഐടിയിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിലും ഐഐടിയിൽ പഠിക്കാനാണ്‌ തീരുമാനം. സിവിൽ സർവീസ്‌ പരീക്ഷ എഴുതാനും ആഗ്രഹമുണ്ട്‌. 
   കണ്ണൂർ റെയ്ഡ്കോയിലെ ടി കെ ഗോവിന്ദൻ നമ്പൂതിരിയുടെയും മാതമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സുപ്രിയയുടെയും മകനാണ്. സഹോദരി ഗോപിക കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽനിന്ന്‌ ബിടെക് ബിരുദം നേടിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top