19 September Thursday

വെട്ടിക്കവല സഹകരണ ആശുപത്രി സ്വന്തം കെട്ടിടത്തിലേക്ക്‌

സ്വന്തം ലേഖകന്‍Updated: Sunday Aug 25, 2019

ആശുപത്രിയുടെ പുതിയ കെട്ടിടം

കുന്നിക്കോട് 
ജില്ലയിലെ ആദ്യ സഹകരണ ആശുപത്രിയായ വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രി  സ്വന്തം കെട്ടിടത്തിലേക്ക്‌.  ചക്കുവരയ്ക്കലിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് 27 ലക്ഷം ചെലവിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചുനൽകിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം തിങ്കളാഴ്‌ച പകൽ മൂന്നിന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കെ ബി ഗണേശ്‌കുമാർ എംഎൽഎ അധ്യക്ഷനാകും.
1973ലാണ്‌ വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രി തുടങ്ങുന്നത്‌.  പുതിയ കെട്ടിടത്തിൽ സാമൂഹ്യക്ഷേമബോർഡിന്റെ സഹായത്തോടെ യുവാക്കൾക്കായി  ആധുനിക ജിംനേഷ്യം  തുടങ്ങും. 
എല്ലാ സൗകര്യങ്ങളോടെയും മറ്റൊരു ശാഖ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തനം ആരംഭിക്കും. സർക്കാരിനു സമർപ്പിച്ചിട്ടുള്ള പുതിയ പ്രോജക്ടിന് അംഗീകാരം ലഭിക്കുന്നതോടെ ആശുപത്രിയിൽ ആബുലൻസ് സർവീസും ഫ്രീസർ സംവിധാനവും പാരാ മെഡിക്കൽ, നേഴ്‌സിങ്  കോഴ്‌സുകളും ആരംഭിക്കും. ആശുപത്രിയുടെ ഷെയർ എടുക്കുന്നവർക്ക്‌  ചികിത്സച്ചെലവിൽ ഇളവ് നൽകും. ലബോറട്ടറിയുടെ പ്രവർത്തനോദ്ഘാടനം കൊല്ലം എൻ എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രനും  ഷെയർ സർട്ടിഫിക്കറ്റ് വിതരണം സഹകരണ എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ കെ രാജഗോപാലും നിർവഹിക്കും. 
  കംപ്യൂട്ടർവൽക്കരണം സംസ്ഥാന സഹകരണ ആശുപത്രി ഫെഡറേഷൻ ഡയറക്ടർ എ മാധവൻപിള്ള ഉദ്ഘാടനംചെയ്യും.  സ്ഥാപകാംഗവും ദീർഘനാൾ പ്രസിഡന്റുമായിരുന്ന കെ കെ ബാലകൃഷ്ണപിള്ളയുടെ ഫോട്ടോ അനാച്ഛാദനം  കശുവണ്ടി വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്‌ അംഗം ആർ സഹദേവൻ നിർവഹിക്കും.  ആശുപത്രിക്ക് ഭൂമി നൽകിയ ഇടമുകളിൽ വീട്ടിൽ ചെറുപ്പെണ്ണിനെ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി കെ ജോൺസൺ ആദരിക്കും. 
ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആർ രാജഗോപാലൻനായർ ഉദ്ഘാടനംചെയ്യും.

 

പ്രധാന വാർത്തകൾ
 Top