16 September Monday
എസ്ആർ മെഡിക്കൽ കോളേജിൽ പരിശോധന

ഡോക്‌ടറുമില്ല േനഴ്‌സുമില്ല; നികുതിയടയ്‌ക്കൽ പതിവില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
 
വർക്കല
എസ്ആർ മെഡിക്കൽ കോളേജിൽ ആരോഗ്യസർവകലാശാല സംഘം പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയോടെ പ്രോ വൈസ് ചാൻസലർ ഡോ. എ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മെഡിക്കൽ കോളേജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ ഡോക്ടർമാരോ സ്റ്റാഫ് നേഴ്സോ മറ്റ് ജീവനക്കാരോ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ അടയ്‌ക്കേണ്ട നികുതികൾ ഇനിയും അടച്ചിട്ടില്ല. 
 
പഞ്ചായത്തിന്റെ പേര് മാറ്റി വ്യാജരേഖ ചമച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ബുധനാഴ്ച വിജിലൻസ് പൂജപ്പുര ഡിവിഷനിലെ ഉദ്യോഗസംഘവും പരിശോധന നടത്തി. വ്യാജസീലും മറ്റ് രേഖകളും ഉണ്ടാക്കിയാണ് കൃത്രിമം. 
 
പഞ്ചായത്തിനെ കബളിപ്പിച്ച്‌ ആശുപത്രിക്ക് വേണ്ട അടിസ്ഥാനസൗകര്യമില്ലാതെയായിരുന്നു നിർമാണപ്രവർത്തനം. പഞ്ചായത്തിൽ കുടിശ്ശികയുള്ളതിനാലും നിരവധി കേസുകളുണ്ട്‌. അടിയന്തരരേഖകൾ സമർപ്പിക്കണമെന്നാണ് വിജിലൻസ് സംഘം നിർദേശം നൽകിയിരിക്കുന്നത്.
 
അധ്യാപകർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് മൂന്ന്‌ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയതിനെ കുറിച്ചും ചോദിച്ചറിഞ്ഞു. 2016 ലാണ് 100 വിദ്യാർഥികൾക്ക് എംബിബിഎസ്‌ പ്രവേശനം നൽകിയത്. 50 പേർ മെറിറ്റിലും 35 പേർ മാനേജ്മെന്റിലും 15 പേർ എൻആർഐ ക്വോട്ടയിലുമാണ് പ്രവേശനം നേടിയത്. അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാൽ 2017ൽ ഭൂരിഭാഗം വിദ്യാർഥികളും ഹൈക്കോടതിയെ സമീപിച്ചു. പഠനം തുടരാൻ വേണ്ട സാഹചര്യമൊരുക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താനും ഉത്തരവിട്ടിരുന്നു.
 
പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരും മാനേജ്മെന്റും തമ്മിൽ വാക്കേറ്റമുണ്ടായി. അടുത്തിടെ മാനേജ്മെന്റ് രഹസ്യമായി ദിവസവും 300 രൂപയും ഭക്ഷണവും നൽകി പുറത്ത് നിന്നും 50 ലേറെ പേരെ രോഗികളാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ ഉത്തരേന്ത്യയിൽനിന്ന്‌ സീനിയർ ഫാക്കൽറ്റികളായി 13 ഡോക്ടർമാരെ തുച്‌‌ഛമായ ശമ്പളത്തിൽ നിയോഗിച്ചു. ഇത്‌ ചോദ്യം ചെയ്‌ത വിദ്യാർഥികൾക്ക്‌ സസ്പെൻഷൻ ഉൾപ്പെടെ നൽകി. കോളേജിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. ക്ലാസുണ്ടെന്നു വരുത്താൻ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസെടുപ്പിച്ച് വരികയാണ്
പ്രധാന വാർത്തകൾ
 Top