24 October Thursday

കേരള ചിക്കൻ ജില്ലയിൽ 50 ഫാമുകൾ തുടങ്ങും

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

  കാസർകോട്‌ 

വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ   കേരള ചിക്കൻ താമസിയാതെ ജില്ലയിലെ വിപണി കീഴടക്കും. നീലേശ്വരത്ത്‌ അതിനാവശ്യമായ ഹാച്ചറി ഒരുങ്ങുകയാണ്‌. കണ്ണൂർ, കാസർകോട്‌ ജില്ലകളിലേക്കുള്ള കോഴികളെ ഇവിടെ ഉൽപാദിപ്പിക്കാനാവുമെന്നാണ്‌ പ്രതീക്ഷ. 
ജില്ലയിൽ അമ്പതോളം കോഴി ഫാമുകൾ തുടങ്ങാനുള്ള ഒരുക്കം നടക്കുകയാണെന്ന്‌ കേരള ചിക്കൻ പദ്ധതി അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ എം വി സന്തോഷ്‌ പറഞ്ഞു. കേരള ചിക്കൻ പദ്ധതിയിലേക്ക്‌  200 ഓളം  അപേക്ഷ  കോഴി കർഷകരിൽ നിന്ന്‌   ലഭിച്ചിട്ടുണ്ട്‌.  പ്രളയം കാരണമാണ് നടപടി വൈകിയത്‌. വയനാട്‌ സുത്താൻ ബത്തേരിയിലെ ബ്രഹ്മഗിരി ഡവലപ്‌മെന്റ്‌ സൊസൈറ്റിയാണ്‌  നോഡൽ ഏജൻസി. കോഴി, കോഴി ഇറച്ചി, മലബാർ മീറ്റ്‌ എന്നിവ വിപണിയിലെത്തിക്കുന്നു. ഔട്ട്‌ലറ്റുകളിൽ  സീസണനുസരിച്ചു 86 രൂപമുതൽ 106 രൂപവരെയാണ്‌ ഒരു കിലോഗ്രാം കോഴിക്ക്‌ വിലയിടാക്കുന്നത്‌, ഇറച്ചിക്ക്‌ 155 രൂപ മുതൽ 170 രൂപവരെയും. അതേസമയം വിപണിയിൽ വില വർധിക്കുമ്പോൾ കേരള ചിക്കന്‌ നിശ്ചയിച്ച വിലയിൽ  വർധനയുണ്ടാവുന്നില്ല എന്നതാണ്‌ പ്രത്യേകത. കേരള ചിക്കൻ വ്യാപകമാവുന്നതോടെ  കേരള വിപണി ഇതരസംസ്ഥാനങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരു പരിധിവരെ  മോചനമാവും.  
കോഴി കർഷകർക്കും വിൽപനക്കാർക്കും   11 രൂപവീതം ഒരുകിലോ കോഴിയിൽ നിന്നും ലഭിക്കും. കോഴികുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനായി പൊള്ളാച്ചിയിൽ ഹാച്ചറി പ്രവർത്തിക്കുന്നുണ്ട്‌. അവിടെ നിന്ന്‌ കൊണ്ടുവരുന്ന കോഴികുഞ്ഞുങ്ങളെ കർഷകർക്ക്‌ പോറ്റാൻ നൽകും. കേരള ചിക്കനിൽ രജിസ്‌റ്റർ ചെയ്‌ത കർഷകർക്ക്‌ കോഴിതീറ്റ, മരുന്ന്‌, ഡോക്ടറുടെ പരിശോധന എന്നിവയൊക്കെ ലഭ്യമാക്കും. 35 മുതൽ 40 ദിവസങ്ങൾക്കിടയിൽ കർഷകരിൽ നിന്ന്‌ കോഴി  തിരിച്ചെടുക്കും. കർഷകന്‌  മാസത്തിൽ 21,000 രൂപയോളം വരുമാനം ലഭിക്കും. മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ കൂടുതൽ ഔട്ട്‌ലറ്റുള്ളത്‌. ആവശ്യക്കാർ വർധിച്ചുവെങ്കിലും കൊടുക്കാൻ കോഴികളില്ല. വിൽപന ഔട്ട്‌ലറ്റുകളും കുറവാണ്‌. ഇതാണ്‌ കേരള ചിക്കൻ നേരിടുന്ന പ്രശ്‌നം. നീലേശ്വരം വെള്ളച്ചാലിലും വള്ളിക്കടവിലും ഔട്ട്‌ലറ്റ്‌ തുടങ്ങി. ജില്ലയുടെ  എല്ലാ ഭാഗങ്ങളിലും കേരള ചിക്കൻ എത്തിക്കാനുള്ള ഒരുക്കത്തിലാണ്‌.    
പ്രധാന വാർത്തകൾ
 Top