27 June Thursday

പോരാട്ട ചരിത്രത്തിലേക്ക‌് വാതിൽ തുറന്ന‌്...

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

കെജിഒഎ സംസ്ഥാന സമ്മേളനത്തിെന്റ ഭാഗമായി ആലപ്പുഴ ടൗൺഹാളിൽ നടക്കുന്ന ചരിത്ര‐ ചിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്‌തശേഷം പി പി ചിത്തരഞ്‌ജൻ പ്രദർശനം കാണുന്നു

ആലപ്പുഴ
കേരളത്തിന്റെ സമാനതകളില്ലാത്ത പോരാട്ട ചരിത്രത്തിലേക്ക‌് വാതിൽ തുറന്ന‌് കെജിഒഎ സംസ്ഥാന സമ്മേളന നഗരിയിലെ ചരിത്ര–- ചിത്രപ്രദർശനം. തൊഴിലാളി, കർഷക സമരങ്ങളും നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളും പോരാട്ടചരിത്രത്തിൽ കരുത്തിന്റെ പര്യായമായി മാറിയ സ‌്ത്രീകളുമെല്ലാം നിറഞ്ഞുനിൽക്കുന്ന പ്രദർശനം കേരളം കൈവരിച്ച നേട്ടങ്ങളുടെ കാരണക്കാരിലേക്കും വെളിച്ചം വീശുന്നു.
ചാന്നാർ ലഹള, അച്ചിപ്പുടവ സമരം, മാറുമറയ‌്ക്കാനുള്ള അവകാശത്തിനായി നടന്ന സമരങ്ങൾ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ, പലഘട്ടങ്ങളിലായി കേരളത്തിലുണ്ടായ പെൺമുന്നേറ്റങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട‌്. മുലച്ചിപ്പറമ്പും പുന്നപ്ര വയലാറും ആദ്യ കയർ ഫാക‌്ടറിയും കയർ സമരങ്ങളും കുട്ടനാട്ടിലെ കർഷകസമരവും തുടങ്ങി സമരകേരളത്തിലെ പ്രധാന സ്ഥാനമുള്ള ആലപ്പുഴ പോയകാലത്ത‌് താണ്ടിയ കനൽവഴികളും പ്രദർശനത്തിൽ അടയാളപ്പെടുത്തുന്നു. 
കേരളപ്പിറവിക്കുശേഷം ഇന്നാട്ടിലെ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും തലയുയർത്തിപ്പിടിച്ച‌് ജീവിക്കാൻ കരുത്തുപകരുംവിധം ഓരോ ഇടതുപക്ഷ സർക്കാരുകളും കൈക്കൊണ്ട പുരോഗമനപരമായ പദ്ധതികളെക്കുറിച്ച‌് ഓർമപ്പെടുത്തലുകളും ഉൾപ്പെടുന്നു. ലക്ഷംവീട‌് പദ്ധതി, ഇ എം എസ‌് ഭവനപദ്ധതി, ലൈഫ‌് തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. 
നാലുകാൽ ഓലപ്പുരയിൽനിന്ന‌് ഇന്നുകാണുന്ന വീടുകളിലേക്ക‌് മലയാളി ജീവിതം വളർച്ച പ്രാപിച്ചതിന്റെ നാൾവഴികളും അടയാളപ്പെടുത്തിയിട്ടുണ്ട‌്. മഹാപ്രളയവും അതിജീവനവും സർക്കാരിന്റെ നവകേരള നിർമാണ പദ്ധതികളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട‌്‌. ഒപ്പം ജില്ലയിൽ കെജിഒഎ നിർമിച്ചു നൽകുന്ന ഒമ്പത‌് വീടുകളും പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട‌്. 
കെജിഒഎ സംസ്ഥാന സമ്മേളനവേദിയായ ടൗൺഹാൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ സ്വാഗതസംഘമാണ‌് പ്രദർശനം ഒരുക്കിയത‌്. മത്സ്യഫെഡ‌് ചെയർമാൻ പി പി ചിത്തരഞ‌്ജൻ ഉദ‌്ഘാടനംചെയ‌്തു. സ്വാഗതസംഘം ചെയർമാൻ ആർ നാസർ, ജില്ലാ പഞ്ചായത്ത‌് സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു, കെജിഒഎ സംസ്ഥാന പ്രസിഡന്റ‌് ഡോ. കെ എം ദിലീപ‌്, ജനറൽ സെക്രട്ടറി ടി എസ‌് രഘുലാൽ, സ്വാഗതസംഘം ജനറൽ കൺവീനർ വിജയകുമാർ എന്നിവർ പങ്കെടുത്തു.
110 പോസ‌്റ്ററുകളാണ‌് പ്രദർശനത്തിലുള്ളത‌്. ഇതോടൊപ്പം 38 മിനിറ്റ‌് ദൈർഘ്യമുള്ള ഡോക്യുമെന്ററി പവലിയന‌് പുറത്ത‌് പ്രദർശിപ്പിക്കുന്നുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top