30 May Tuesday
കൊടുങ്ങല്ലൂർ ഭരണി

ഗോത്രതാളത്തിൽ പതിനായിരങ്ങൾ കാവുതീണ്ടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

കൊടുങ്ങല്ലൂർ ഭരണിയുത്സവത്തിന്റെ ഭാഗമായി നടന്ന അശ്വതി കാവുതീണ്ടൽ

 കൊടുങ്ങല്ലൂർ

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നിലപാട് തറയിൽ നിന്ന് കോയ്മ ചുവന്ന പട്ടുകുട ഉയർത്തിയതോടെ തുള്ളിയുറഞ്ഞ് കാവാകെ നിറഞ്ഞ കോമരങ്ങളോടൊപ്പം പതിനായിരങ്ങൾ അശ്വതി കാവ് തീണ്ടി. ആദ്യം കുതിച്ചത് പാലക്കവേലനാണ്. പിന്നാലെ അവകാശതറകളിൽ നിന്നും ക്ഷേത്രാങ്കണത്തിൽ നിന്നും പള്ളി വാളേന്തി കോമരങ്ങളും വിശ്വാസികളും ക്ഷേത്രത്തിന് ചുറ്റും മൂന്ന് വട്ടം കുതിച്ചുപാഞ്ഞ്  അശ്വതി കാവുതീണ്ടൽ നിർവഹിച്ചു. വെളളി പകൽ 4.36 ന് തൃചന്ദന ചാർത്ത് പൂജ കഴിഞ്ഞ് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയും പരിവാരങ്ങളും കിഴക്കേ നടയിലെ നിലപാട് തറയിലെത്തി. ഈ സമയം വാൾമടമ്പിനാൽ നെറ്റിയിൽ വെട്ടി മുഖമാകെ രക്തമയമായി കോമരങ്ങൾ അലറിത്തുള്ളുകയായിരുന്നു. തന്നാരം താളത്തിൽ ഭരണി പാട്ട്പാടി നൂറുകണക്കിന് കൂട്ടങ്ങൾ കാവിൽ നൃത്തമാടി. രൗദ്രഭാവത്തിലമർന്ന കാവിൽ കൂർത്ത തൊപ്പി ധരിച്ച് മഞ്ഞൾ പൊടിയിലാറാടി ആദ്യം കാവ് തീണ്ടാന്‍ അവകാശമുള്ള പാലക്കവേലൻ അക്ഷമയോടെ കാത്തുനിന്നു. 4.40 നാണ് കാവ് തീണ്ടാനുള്ള അനുവാദം തമ്പുരാൻ നൽകിയത്.
രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് വടക്കൻ ദേശങ്ങളിൽ നിന്നുള്ള കോമരങ്ങളുടെ പ്രവാഹമായിരുന്നു. ഉച്ചയായതോടെ പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരുടെ വരവ് തുടങ്ങി. താളമേളങ്ങളോടെ ഘോഷയാത്രകളും കാവിലേക്ക് പ്രവേശിച്ചു. ഇതോടെ കാവും പരിസരവും ജനസമുദ്രമായി. ഏഴരയാമം നീണ്ട തൃചന്ദന ചാർത്ത് പൂജക്ക് കുന്നത്ത് മഠം, നീലത്ത് മഠം അടികൾമാർ നേതൃത്വം നൽകി. കാവ് തീണ്ടലിന് ശേഷം തെയ്യവും തിറയും മുടിയാട്ടവും ഉൾപ്പെടെയുള്ള അനുഷ്ഠാന കലകൾ കാവിൽ നിറഞ്ഞാടി. കാവ് തീണ്ടലിനായി അടച്ച ക്ഷേത്രം ഇനി 31നാണ് തുറക്കുക. ശനിയാഴ്ച രാവിലെ തീരദേശത്തു നിന്ന് ഘോഷയാത്രയോടെ അരയ സമുദായക്കാരുടെ താലിവരവ് ക്ഷേത്രത്തിലെത്തും. തുടർന്ന് വരിയരി പായസ നിവേദ്യത്തോടെ ഭരണി മഹോത്സവം സമാപിക്കും.
 
                                                                 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top