28 May Thursday
ആകെ അഞ്ചായി

ഒരാള്‍ക്കുകൂടി കോവിഡ്‌ 19

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020
മലപ്പുറം 
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാഞ്ചസ്റ്ററിൽനിന്നെത്തിയ താനൂർ താനാളൂർ മീനടത്തൂർ സ്വദേശിയായ 22കാരനാണ് വൈറസ് ബാധ. ഇയാൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇതോടെ ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. പൊതുസമ്പർക്കം പരമാവധി കുറച്ച് ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ പാലിച്ചാണ് യുവാവ് ഐസൊലേഷനിൽ പ്രവേശിച്ചതെന്ന്‌  കലക്ടർ ജാഫർ മലിക് അറിയിച്ചു.
   17ന് മാഞ്ചസ്റ്ററിൽനിന്ന്‌ പുറപ്പെട്ട ഇകെ 0022 എമിറൈറ്റ്‌സ് വിമാനത്തിൽ 44 എച്ച് സീറ്റിൽ യാത്രചെയ്ത് രാത്രി 7.30ന് ദുബായിൽ എത്തി. തുടർന്ന് രാത്രി 9.45ന് ദുബായിയിൽനിന്ന് കൊച്ചിയിലേക്ക്‌ ഇകെ 0532 വിമാനത്തിൽ 29 -എ സീറ്റിൽ യാത്രചെയ്തു. 18ന് പുലർച്ചെ 2.30ന് നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം 108 ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിലെത്തി ആരോഗ്യ പരിശോധനക്ക് വിധേയനായി. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനെ തുടർന്ന് പൊതു സമ്പർക്കമില്ലാതെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽതന്നെ പകൽ 1.30ന് താനൂർ താനാളൂർ മീനടത്തൂരിലെ സ്വന്തം വീട്ടിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചു.  വീട്ടുകാരുൾപ്പെടെ ആരുമായും  സമ്പർക്കത്തിലേർപ്പെടാതെ   19നും 20നും വീട്ടിൽതന്നെ കഴിഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജില്ലാ കൺട്രോൾ സെല്ലിൽ 21ന് രാവിലെ 10ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. 
 
ഒപ്പം സഞ്ചരിച്ചവർ നിരീക്ഷണത്തിൽ കഴിയണം
മാർച്ച് 17ന് മാഞ്ചസ്റ്ററിൽനിന്ന് ദുബായിലേക്ക് യാത്രതിരിച്ച ഇകെ 0022 എമിറൈറ്റ്‌സ് വിമാനത്തിലും രാത്രി 9.45ന് ദുബായിയിൽനിന്ന് പുറപ്പെട്ട് 
 18ന് പുലർച്ചെ 2.30ന് കൊച്ചിയിലെത്തിയ ഇകെ 0532 എമിറൈറ്റ്‌സ് വിമാനത്തിലും വൈറസ് ബാധിതനൊപ്പം സഞ്ചരിച്ചവർ വീടുകളിൽ സ്വയം നിരീക്ഷണം ഉറപ്പാക്കണമെന്ന്  കലക്ടർ ആവശ്യപ്പെട്ടു. 
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തരുത്. ജില്ലാ കൺട്രോൾ സെല്ലിലെ ഹെൽപ് ലൈൻ നമ്പറുകളായ 0483 - 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളിൽ വിളിച്ച്‌ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന അറിയിച്ചു.
പ്രധാന വാർത്തകൾ
 Top