02 June Tuesday

കണ്ണിമചിമ്മാതെ കണ്‍ട്രോള്‍ റൂം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കണ്ണൂർ
ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി കലക്ടറേറ്റിൽ സംയോജിത കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, പൊലിസ്, റവന്യൂ, മോട്ടോർ വാഹനം, പൊതുവിതരണം, വിവര പൊതുജന സമ്പർക്കം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൺട്രോൾ റൂം ഒരുക്കിയത്. കൊറോണയുമായി ബന്ധപ്പെട്ട മെഡിക്കൽ സേവനങ്ങൾ, ആംബുലൻസ്, കൗൺസലിങ്‌, സംശയദൂരീകരണം തുടങ്ങിയ ഏത്‌ സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 
കൊറോണയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലക്ടർ ടി വി സുഭാഷിന്റെ നിർദ്ദേശപ്രകാരം പുതിയ കൺട്രോൾ റൂം ഒരുക്കിയത്. 
ഏത് വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ചും വിവരങ്ങൾ തൽസമയം നൽകാൻ സാധിക്കുമെന്ന് നോഡൽ ഓഫീസർ ആൻഡ്രൂസ് വർഗീസ് പറഞ്ഞു.  വിവിധ വകുപ്പുകളുടെ പ്രതിനിധികളെ കൺട്രോൾ റൂമിൽ നിയോഗിച്ചിട്ടുണ്ട്. 
 വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സാധിക്കും. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും തെറ്റിദ്ധാരണകളും സൃഷ്ടിക്കുന്ന രീതിയിൽ  സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളെ നിരീക്ഷിക്കാനായി സൈബർ സെല്ലിന്റെ സഹായവും ലഭ്യമാക്കി. സബ്കലക്ടർ ആസിഫ് കെ യൂസഫ്, അസി. കലക്ടർ ഡോ. ഹാരിസ് റഷീദ് എന്നിവരാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൺട്രോൾ റൂം നമ്പർ
 0497 2700194, 0497 2713437 (കൊറോണയുമായി ബന്ധപ്പെട്ട പൊതു സേവനങ്ങൾ), 94000 66061 (ക്രമസമാധാനം), 94000 66062 (ജില്ലാ അതിർത്തികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, 94000 66063 (വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ), 94000 66064 (വിദേശ രാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമുള്ളവർക്ക്), 94000 66070 (ഗതാഗതം, വളണ്ടറി, മറ്റ് വിവരങ്ങൾ).

 

പ്രധാന വാർത്തകൾ
 Top