30 May Saturday

തെങ്ങുകളിൽ വെള്ളീച്ച ശല്യം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാഞ്ഞങ്ങാട് 
തെങ്ങുകളിൽ വെള്ളീച്ച ശല്യം രൂക്ഷം. വ്യാപകമായി കൃഷി നശിക്കുന്നു.  പ്രതിവിധി കണ്ടെത്താനാവാതെ കർഷകർ ആശങ്കയിൽ.
കാഞ്ഞങ്ങാട് സൗത്ത്, പനങ്കാവ് പ്രദേശങ്ങളിലെ ഏക്കർ കണക്കിന് തെങ്ങുകളാണ് രോഗം ബാധിച്ച് നശിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭയിലെ നാല്‌ വില്ലേജുകളിലായി 1955 ഹെക്ടറിൽ തെങ്ങുകൃഷിയാണ്. പ്രദേശത്തെ 80 ശതമാനം ആളുകളും കൃഷി ഉപജീവനമാക്കിയവരാണ്. കാഞ്ഞങ്ങാട് സൗത്ത്, നിലാങ്കര, പനങ്കാവ് പാടശേഖരത്തിന് സമീപങ്ങളിലെ ഏക്കർ കണക്കിന് തെങ്ങുകളിലാണ്  വെള്ളീച്ച ശല്യം  ബാധിച്ചത്. 
റൂഗിൾ എന്ന പേരിലുള്ള വെള്ളച്ചകൾ തെങ്ങിന്റെ ഓലയിൽ പറ്റിപ്പിടിച്ച്  ഹരിതകം ഊറ്റിയെടുത്ത ശേഷം  വിസർജിക്കുന്നു. തന്മൂലം തെങ്ങിന് സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഓലകൾ ചീഞ്ഞു പോവുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു.
ഇതിന് പുറമെ ചെന്നീരൊലിപ്പ്, മണ്ഡരി  രോഗങ്ങളും  തെങ്ങിനെ ബാധിക്കുന്നുണ്ട്‌. മച്ചിങ്ങ പൊഴിച്ചിലും വ്യാപകമാണ്.
കൃഷിഭവനിലും നഗരസഭയിലും കർഷകർ പരാതി നൽകിയിട്ടുണ്ടെങ്കിലും കാസർകോട്ടെ സിപിസിആർഐ അധികൃതർക്കാണ് ആധികാരികമായി ഇടപെടാൻ കഴിയുക എന്ന മറുപടിയാണ് ലഭിച്ചത്. 
പൊതുവെ കടക്കെണിൽ അകപ്പെട്ട നാളികേര കർഷകർക്ക് തെങ്ങിന്റെ രോഗവും ഉൽപാദനക്കുറവും  വലിയ തിരിച്ചടിയാണ്. 
പടന്നക്കാട് തോട്ടത്തിലും വെള്ളീച്ച ശല്യം തെങ്ങുകളെ ബാധിച്ചിട്ടുണ്ട്. 
പ്രധാന വാർത്തകൾ
 Top