ആലപ്പുഴ
ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളെല്ലാം പങ്കെടുക്കും. സംസ്ഥാനത്തിന്റെ നിർദേശപ്രകാരം ജനപ്രതിനിധികളെല്ലാവരെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയപട്ടിക പുറത്തുവിട്ടു.
ഉദ്ഘാടകരായ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരെ കൂടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ഉപരിതല ഗതാഗതസഹമന്ത്രി വി കെ സിങ്, കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ ജി സുധാകരൻ, ടി എം തോമസ് ഐസക്ക്, പി തിലോത്തമൻ, എംപിമാരായ എ എം ആരിഫ്, കെ സി വേണുഗോപാൽ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ദേശീയപാത സെക്രട്ടറി ഗിരിധർ അർമാനെ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് എന്നിവരുടെ പേരുകളാണ് പുതിയപട്ടികയിൽ.
നേരത്തെ തയാറാക്കിയ പട്ടികയിൽ എംപിമാരായ എ എം ആരിഫ്, കെ സി വേണുഗോപാൽ എന്നിവർ ഉൾപ്പെട്ടിരുന്നില്ല. പട്ടികയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് പുതിയപട്ടിക.
കളർകോട് ജങ്ഷനിൽ പകൽ ഒന്നിന് വീഡിയോകോൺഫറൻസ് വഴി ആരംഭിക്കുന്ന ഉദ്ഘാടനചടങ്ങ് 2.11ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതാവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം.
പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് നാല് മിനിറ്റ് വീതം സംസാരിക്കാൻ സമയവും അനുവദിച്ചിട്ടുണ്ട്.
വിവാദങ്ങളില്ലെന്നും അന്തിമലിസ്റ്റിൽ എല്ലാവരും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ജി സുധാകരൻ ഞായറാഴ്ച പ്രതികരിച്ചു. കേന്ദ്രം വിട്ടുകളഞ്ഞ പേരുകൾ ഉൾപെടുത്തി കേന്ദ്രത്തിന് അയച്ചുകൊടുത്തിരുന്നെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..