27 February Thursday

5 ലക്ഷംപേർ, 110 കിലോമീറ്റർ

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ തണ്ണീർമുക്കത്ത് നടന്ന ബൈക്ക് റാലി

ആലപ്പുഴ
ദേശീയ പാതയോരത്ത്‌ മനുഷ്യകൂട്ടായ്‌മയുടെ ഒരൊറ്റച്ചരടായി മഹാശൃംഖല രൂപം കൊള്ളാൻ ഇനി ഒരുനാൾ മാത്രം ബാക്കി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് നേത‌ൃത്വത്തിൽ ഞായറാഴ്‌ച സംഘടിപ്പിക്കുന്ന മനുഷ്യമഹാ ശൃംഖലയിൽ ജില്ലയിൽ അണിനിരക്കുന്നത്‌ അഞ്ചുലക്ഷം പേർ. 
110 കിലോമീറ്റർ നീളത്തിലാണ്‌ ആലപ്പുഴ ജില്ലയിൽ ശൃംഖല തീർക്കുക. ആലപ്പുഴക്കാർക്കൊപ്പം കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ളവരും അരൂർ  മുതൽ ഓച്ചിറ വരെ ശൃംഖലയുടെ ഭാഗമാവും. 
ഏരിയകൾ, അണിനിരക്കേണ്ട സ്ഥലങ്ങൾ: 
അരൂർ ഏരിയ: കുമ്പളംപാലം പകുതി മുതൽ ഒറ്റപ്പുന്ന വരെ. ചേർത്തല : ഒറ്റപ്പുന്ന മുതൽ ഇന്ത്യൻ കോഫീ ഹൗസ് വരെ. കഞ്ഞിക്കുഴി: കോഫീ ഹൗസ് മുതൽ മാരാരിക്കുളം കളിത്തട്ട് വരെ. മാരാരിക്കുളം: മാരാരിക്കുളം കളിത്തട്ട്  മുതൽ തുമ്പോളി വരെ. ആലപ്പുഴ വടക്ക്: തുമ്പോളി ജങ്‌ഷൻ മുതൽ കലക്‌ടറേറ്റ് ജങ്‌ഷൻ വരെ. ആലപ്പുഴ തെക്ക്: കലക്‌ടറേറ്റ് ജങ്‌ഷൻ മുതൽ കളർകോട് ജങ്‌ഷൻവരെ. 
അമ്പലപ്പുഴ: കളർകോട് ജങ്‌ഷൻ മുതൽ എസ്എൻ കടവ് ജങ്‌ഷൻ വരെ. ഹരിപ്പാട്: എസ്എൻ കടവ് ജങ്‌ഷൻ മുതൽ നങ്ങ്യാർകുളങ്ങര വരെ. കാർത്തികപ്പള്ളി: നങ്ങ്യാർകുളങ്ങര മുതൽ മാമ്പ്രയാലുമൂട് വരെ. കായംകുളം: മാമ്പ്രയാലുംമൂട് മുതൽ ഓച്ചിറ പ്രീമിയർ ജങ്‌ഷൻ വരെ.
 

പ്രമുഖർ കൈകോർക്കും; ആദ്യകണ്ണി എ എം ആരിഫ്‌ 

ആലപ്പുഴ
മനുഷ്യമഹാശൃംഖലയിൽ അരൂർ മുതൽ ഓച്ചിറവരെ നീളുന്ന ഭാഗത്ത്‌ മന്ത്രിമാരും എൽഡിഎഫ്‌ ഘടകകക്ഷിനേതാക്കളും സാമൂഹ്യ, സാംസ്‌കാരിക നായകരും മതമേലധ്യക്ഷരും കണ്ണികളാകും. അരൂരിൽ ആദ്യ കണ്ണിയായി എ എം ആരിഫ്‌ എംപിയും ഓച്ചിറയിൽ അവസാന കണ്ണിയായി  കെ എച്ച്‌ ബാബുജാനും അണിനിരക്കും. എൽഡിഎഫ്‌ നേതാക്കളായ വൈക്കം വിശ്വൻ, ആർ നാസർ, പി പ്രസാദ്‌, വി എൻ വാസവൻ എന്നിവർ ആലപ്പുഴ ഇഎംഎസ്‌ സ്‌റ്റേഡിയത്തിനു സമീപം കണ്ണികളാകും. മന്ത്രി ജി സുധാകരൻ അമ്പലപ്പുഴയിൽ കണ്ണിയാവും. 
ഡോ. ഗീവർഗീസ്‌ മാർ കുറിലോസ്‌ മെത്രാപൊലീത്ത, മന്ത്രി പി തിലോത്തമൻ, ടി ജെ ആഞ്ചലോസ്‌, ജോസ്‌ കാവനാട്‌, ജോണി മുക്കം, മാത്യൂസ്‌ ജോർജ്‌ എന്നിവർ ജനറൽ ആശുപത്രിക്കു സമീപവും സജി ചെറിയാൻ എംഎൽഎ തോട്ടപ്പള്ളി പാലത്തിനു സമീപവും അഡ്വ. ബിജിലി ജോസഫ്‌ ആലപ്പുഴയിലും സ്‌കറിയ തോമസ്‌ എംഎൽഎ, കെ പി ഉദയഭാനു എന്നിവർ കായംകുളത്തും കണ്ണികളാകും. 
 എംഎൽഎമാരായ സി കെ ആശ– -എരമല്ലൂർ, മാത്യു ടി തോമസ്‌–-അമ്പലപ്പുഴ, വീണാ ജോർജ്‌–- കരൂർ, ചിറ്റയം ഗോപകുമാർ– -ചേപ്പാട്‌ പള്ളി, യു പ്രതിഭ–- കായംകുളം കെഎസ്‌ആർടിസി ജങ്‌ഷൻ, ആർ രാജേഷ്‌ –-മുക്കട, കെ സുരേഷ്‌കുറുപ്പ്‌ –-എക്‌സ്‌റേ ജങ്‌ഷൻ, കെ യു ജനീഷ്‌കുമാർ–-കരുവാറ്റ എന്നിവിടങ്ങളിലും കണ്ണികളാകും. ഫാ. മാത്യൂ വാഴക്കുന്നം–- അമ്പലപ്പുഴ, പി കെ മേദിനി–- കലവൂർ, സി കെ ശശിധരൻ– ചേർത്തല, എ പി ജയൻ–- കായംകുളം എന്നിവിടങ്ങളിലും കണ്ണികളാകും.
പ്രധാന വാർത്തകൾ
 Top