29 February Saturday

ഗവർണറുടെ ശ്രമം കേന്ദ്രത്തിന്റെ നല്ലപിള്ളയാവാൻ : എ വിജയരാഘവൻ

സ്വന്തം ലേഖകന്‍Updated: Saturday Jan 25, 2020

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

 
ആലപ്പുഴ
ഭരണഘടനയിലും ഫെഡറൽ സംവിധാനത്തിലും വിശ്വസമില്ലാത്ത കേന്ദ്ര സർക്കാരിന്റെ പ്രതിപുരുഷനാണ്‌ കേരള ഗവർണറെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. ബിജെപിയുടെ മുന്നിൽ നല്ലപിള്ള ചമയാനാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ശ്രമിക്കുന്നത്‌.
കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ‘പൗരത്വവും ഇന്ത്യൻ ഭരണഘടനയും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ ഗവർണറുടെയും സംസ്ഥാനത്തിന്റെയും അധികാര, അവകാശങ്ങളെപ്പറ്റി കൃത്യമായി നിർവചിച്ചിട്ടുണ്ട്‌. ഇതിന്റെ ലംഘനമാണ്‌ ഗവർണറുടേത്‌. അദ്ദേഹത്തിനെ നിയോഗിച്ച കേന്ദ്ര സർക്കാരും ഭരണഘടന ലംഘിക്കുകയാണ്‌.  ബിജെപി സർക്കാരുകൾ ഗവർണർമാരെ ഉപയോഗിച്ച്‌ ഭരണം അട്ടിമറിച്ച ചരിത്രമുണ്ട്‌. ഇതിനു കഴിയാത്ത സ്ഥലങ്ങളിൽ രാജ്‌ഭവനെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിലാക്കുന്നു.  
കേരളത്തിലെ പ്രതിപക്ഷ നേതാവ്‌ ഗവർണറുടെ ചട്ടവിരുദ്ധമായ നടപടികൾക്ക്‌ ഒത്താശ ചെയ്യുകയാണ്‌. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽനിന്നുള്ള പിന്മാറ്റം അടുത്ത തെരഞ്ഞെടുപ്പിൽ സംഘപരിവാറുമായുള്ള സഖ്യം ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. കേരള സർവകലാശാലാ സിൻഡിക്കറ്റംഗം കെ എച്ച് ബാബുജാൻ മുഖ്യ പ്രഭാഷണം നടത്തി. അജയ് സുധീന്ദ്രൻ, വി ബി അശോകൻ, ഡി സുധീഷ്, എൻ ആർ മഹിളാമണി, വി അനിത, ജ്യോതികുമാർ എന്നിവർ സംസാരിച്ചു.  എസ് ധനപാൽ സ്വാഗതവും എസ് സത്യജ്യോതി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top