26 February Wednesday
വൻകിടക്കാർക്ക്‌ അരി സൗജന്യനിരക്കില്‍

വയറ്റത്തടി

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020
ന്യൂഡൽഹി
എഫ്‌സിഐ ഗോഡൗണുകളിൽ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും വിലകുറച്ച്‌ വൻകിട വ്യാപാരികൾക്ക്‌ നൽകുന്നു. പുതുതായി സംഭരിക്കുന്നവ സൂക്ഷിക്കാന്‍ ഇടമില്ലെന്ന പേരിലാണിത്.  കുറഞ്ഞ വിലയിൽ ഭക്ഷധാന്യംവാങ്ങി കാലത്തീറ്റയായും മറ്റും കയറ്റുമതി ചെയ്ത് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമാണ് വന്‍കിട വ്യാപാരികള്‍ക്ക് ലഭിക്കുന്നത്.  തുറന്ന കമ്പോള വിൽപ്പനപദ്ധതി (ഒഎംഎസ്‌എസ്‌) വഴിയാണ്‌ വിറ്റഴിക്കൽ. നിലവിൽ 2.2 ലക്ഷം കോടിയുടെ കടബാധ്യതയിലുള്ള എഫ്സിഐയെ  സാമ്പത്തികമായി കൂടുതൽ ഞെരുക്കുന്നതാണ്‌ കേന്ദ്ര തീരുമാനം.
ജനുവരി ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 237.15 ലക്ഷം ടൺ അരിയും 327.96 ലക്ഷം ടൺ ഗോതമ്പും ശേഖരിച്ചിട്ടുണ്ട്. കരുതൽശേഖര ചട്ട പ്രകാരം 76 ലക്ഷം ടൺ അരിയും 138 ലക്ഷം ടൺ ഗോതമ്പും സൂക്ഷിച്ചാല്‍മതി.  അധികശേഖരം വിനിയോ​ഗിച്ച്  പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനോ തൊഴിലിനുപകരം ഭക്ഷണം പദ്ധതി നടപ്പാക്കാനോ തുനിയാതെയാണ്‌ വൻകിട വ്യാപാരികൾക്ക്‌ സബ്സിഡി നല്‍കി വിറ്റു തീര്‍ക്കുന്നത്‌.
കുറഞ്ഞവിലയ്‌ക്ക്‌ ലഭിക്കുന്ന ഭക്ഷ്യധാന്യം വ്യാപാരികള്‍ കയറ്റുമതിചെയ്തും  മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയും കൊള്ളലാഭം കൊയ്യും. 
 
പ്രധാന വാർത്തകൾ
 Top