06 December Tuesday

‘ഒരൊറ്റയാൾ മതിയെടാ’ ... കലിപ്പിലാണ് 
കുഞ്ഞൻ റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

കെ പി ബിജു വരച്ച ചിത്രത്തിനൊപ്പം ശ്രീനന്ദു

പുതുപ്പള്ളി 
‘‘റൊണാൾഡോ പൊളിയാണ്‌... !  കപ്പ് പോർച്ചുഗൽ അടിച്ചെടുക്കും’’ ശ്രീനന്ദു ഉറപ്പിക്കുന്നു.. പാമ്പാടി വെള്ളൂരിലെ റൊണാൾഡോ ഫാനായ രണ്ടാം ക്ലാസുകാരൻ ശ്രീനന്ദു നാട്ടിലെ പോർച്ചുഗലിന്റെ ഏക ആരാധകനാണ്‌. എല്ലാവരും മെസിക്കുപിന്നിൽ അണിനിരന്നപ്പോൾ ഈ കൊച്ചു കളിക്കാരൻ തന്റെ പ്രിയപ്പെട്ട റൊണാൾഡോയെ ഉപേക്ഷിച്ചില്ല. ‘ഒരറ്റയാൾ  മതിയടാ... .പറങ്കിപ്പടയുടെ വിജയത്തിന്‌’ ശ്രീനന്ദുവും ഒറ്റയ്‌ക്കുനിന്ന്‌ പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്‌. വെള്ളൂർ ഗവ. ടെക്നിക്കൽ സ്കൂൾ പ്രദേശത്തെ എല്ലാവരും ബ്രസീൽ ആരാധകരാണ്‌. പോർച്ചുഗൽ ആരാധകനായി പാമ്പാടി ക്രോസ് റോഡ്സ് വിദ്യാർഥിയായ ശ്രീനന്ദു മാത്രം. ബ്രസീൽ ആരാധകനായ ഇന്ദിരാജിന്റെ പലചരക്ക് കടയുടെ ചുമരിൽ നെയ്മറിന്റെ ചിത്രം വരച്ചതോടെയാണ് ശ്രീനന്ദുവിന്‌ വാശിയേറിയത്‌. ചിത്രകാരനായ കെ പി ബിജുവിനെക്കൊണ്ട് തങ്ങളുടെ കടയുടെ ചുമരിലും റൊണാൾഡോയുടെ ചിത്രം വരപ്പിക്കാൻ അച്ഛൻ കെ ആർ രതീഷിനോട് ആവശ്യപ്പെട്ടു. വെള്ളൂർ ഗവ. ടെക്നിക്കൽ സ്കൂളിന് എതിർവശം ജനുവിൻ സ്റ്റോഴ്സ് കടയുടെ ചുമരിൽ പന്ത് തട്ടുന്ന ആറടിയോളം വലിപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം തെളിഞ്ഞു. എന്നിട്ടും കലി അടങ്ങാത്ത കുട്ടിക്കളിക്കാരൻ റൊണാൾഡോയുടെ അഞ്ച്‌ ജേഴ്സി, രാജ്യത്തിന്റെ പതാക, ബൂട്ട്, ഫുട്ബോൾ എന്നിവയും അച്ഛനെക്കൊണ്ട് വാങ്ങിപ്പിച്ചു.കളിക്കായി കാത്തിരിക്കുകയാണ്‌.   മകനോടൊപ്പം രതീഷും പോർച്ചുഗൽ ആരാധകനായി മാറി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top