05 December Monday

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം 27ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
  
പാലക്കാട്
സ്‌റ്റെയ്‌പ്‌ –ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം 27 ന്‌ പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ നടക്കും. രാവിലെ ഒമ്പതിന്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. രാവിലെ 8.30 ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും.  9.30 ന്‌ മത്സരം തുടങ്ങും. വിദ്യാർഥികൾക്ക്‌ മത്സരം നടക്കുമ്പോൾ കാത്തിരിക്കുന്ന രക്ഷകർത്താക്കൾക്കും അധ്യാപകർക്കുമായി സംവാദം ഉണ്ടാവും. കെ ജയദേവൻ പരിപാടി നയിക്കും.
എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങൾക്ക്‌ പ്രത്യേകമായാണ്‌ മത്സരം. 12  ഉപജില്ലയിലും നടന്ന മത്സരത്തിൽ ഒന്ന്‌, രണ്ട്‌ സ്ഥാനങ്ങൾ നേടിയവരാണ്‌ ജില്ലയിൽ മത്സരിക്കുക. സ്‌കൂൾ മത്സരങ്ങളിൽ സമ്മാനമായി ലഭിച്ച പുസ്‌തകങ്ങളിൽനിന്ന്‌ ജില്ലാ–-സംസ്ഥാന  മത്സരത്തിന്‌ ചോദ്യങ്ങളുണ്ടാവും. ജില്ലയിൽ ഒന്ന്‌, രണ്ട്‌ സ്ഥാനങ്ങൾ നേടിയവർ ടീമായിട്ടാണ്‌ ഡിസംബർ 10, 11 തീയതികളിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക. ജില്ലാ തല വിജയികൾക്ക്‌ ഒന്നാംസ്ഥാനത്തിന്‌ പതിനായിരം രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാംസ്ഥാനത്തിന്‌ 5000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സംസ്ഥാനത്ത്‌ ഒന്നാംസ്ഥാനത്തെത്തുന്ന ടീമിന്‌ രണ്ട്‌ ലക്ഷവും രണ്ടാംസ്ഥാനക്കാർക്ക്‌ ഒരു ലക്ഷവുമാണ്‌ ലഭിക്കുക. ഒപ്പം സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും.
ഈ വർഷം മുതൽ അക്ഷരമുറ്റം ക്വിസ്‌ മത്സരത്തിനൊപ്പം സാഹിത്യ രചനാ മത്സരവുമുണ്ട്‌. ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്ന്‌ ലഭിച്ച സാഹിത്യ രചനകളിൽ തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർഥികൾ വീതമാണ്‌ മത്സരത്തിൽ പങ്കെടുക്കുക. കഥയിലും കവിതയിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർ സംസ്ഥാന മത്സരത്തിന്‌ തെരഞ്ഞെടുക്കപ്പെടും. ജില്ലാ മത്സര വിജയികൾക്ക്‌ ഒന്നാംസ്ഥാനക്കാർക്ക്‌ 5000, രണ്ടാംസ്ഥാനക്കാർക്ക്‌ 3000 എന്നിങ്ങനെ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാന വിജയികൾക്ക് യഥാക്രമം 50,000, 25,000 എന്നിങ്ങനെ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.   
 സാങ്കേതിക മേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി ഭാവി എൻജിനിയർമാരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുന്ന ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ ‘സ്റ്റെയ്പ്' ആണ് അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 2022ന്റെ ടൈറ്റിൽ സ്പോൺസർ. 
കോഴിക്കോട്ടുനിന്ന്‌ അമ്പതോളം രുചിഭേദങ്ങളുമായി ആഗോള ബ്രാൻഡാകാൻ വീണ്ടും വിപണിയിലെത്തുന്ന ക്രേസ് ബിസ്‌കറ്റിന്റെ ആസ്കോ ഗ്ലോബൽ, ധനകാര്യ സേവന മേഖലയിൽ കേരളത്തിൽനിന്ന്‌ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും യുഎഇയിലും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്, ഹെയർ കെയർ പ്രോഡക്ട് നിർമാതാക്കളായ ഹരിതകി, ആയുർവേദ ചികിത്സാരം​ഗത്തെ പ്രമുഖരായ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, എൻട്രൻസ് പരിശീലന സ്ഥാപനമായ കെബിഎസ് അക്കാദമി, മദേഴ്സ് ഗോൾഡ്  എന്നിവരാണ് സഹ സ്പോൺസർമാർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top