23 January Sunday

കുതിരാൻ തുരങ്കം: ട്രയൽ റൺ ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

മണ്ണുത്തി 

കുതിരാൻ വഴിയുള്ള വാഹന ഗതാഗതം പൂർണമായും ഒന്നാം തുരങ്കത്തിലൂടെയാക്കി.  മണ്ണുത്തി – വാളയാർ ദേശീയപാത 544 ൽ കുതിരാൻ രണ്ടാം തുരങ്ക നിർമാണവുമായി ബന്ധപ്പെട്ടാണ്‌ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായി ഒന്നാം തുരങ്കത്തിലൂടെയാക്കിയത്‌. ട്രയൽ റൺ 25   മുതൽ നടത്തും. ട്രയൽ റണ്ണിനായി  പഴയ റോഡിൽ ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ്‌ അറിയിച്ചു. വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ മാത്രമാക്കുന്നതിന്റെ ഭാഗമായി വഴുക്കുംപാറമുതൽ റോഡിനു നടുവിലും തുരങ്കത്തിനകത്തും പുറത്തുമായി  3.2 കിലോമീറ്റർ ദൂരം ബാരിക്കേഡ്‌  സ്ഥാപിച്ച് ഇരുഭാഗത്തേക്കും ഗതാഗതം പ്രായോഗികമാക്കും. വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കും. ഇതിനായി   ഹമ്പുകൾ സ്ഥാപിച്ചു.  നിർമാണം നടക്കുന്ന റോഡിൽ രാത്രി വെളിച്ചം ഉറപ്പുവരുത്തും. ഡിവൈഡറുകൾ, ട്രാഫിക് സിഗ്നൽ ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തി. നിർമാണം നടക്കുന്ന റോഡിലും തുരങ്കത്തിലും   ഓവർടേക്കിങ്ങ് അനുവദിക്കില്ല. വാഹനങ്ങൾ തുരങ്കപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം.  24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം സജ്ജമായി. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ്‌ ഡ്യൂട്ടിയിലുണ്ടാകും.  തുരങ്കത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അപകടം മൂലമോ, യന്ത്രത്തകരാർ മൂലമോ സഞ്ചരിക്കാൻ കഴിയാതെ വന്നാൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. നിർമാണ മേഖലയിൽ പാറപൊട്ടിക്കൽ നടക്കുന്ന സമയത്ത് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും. 
ട്രയൽ റൺ വിജയകരമായി പൂർത്തിയാകുന്ന മുറയ്ക്ക്‌ രണ്ടാം തുരങ്കത്തിലേക്കുള്ള നിലവിലുള്ള റോഡ് പൊളിച്ച് പുതിയ റോഡ് നിർമിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top