29 May Friday

തലസ്ഥാന ജില്ലയ്‌ക്ക്‌ അഭിമാന നിമിഷം

സ്വന്തം ലേഖകൻUpdated: Thursday Oct 24, 2019
 
തിരുവനന്തപുരം 
തലസ്ഥാന ജില്ലയ്‌ക്ക്‌ അഭിമാനിമിഷം സമ്മാനിച്ചാണ്‌ 2017-–-18 ലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻദയാൽ ഉപാധ്യായ ശാക്തീകരൺ ദേശീയ പുരസ്‌കാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഏറ്റുവാങ്ങിയത്‌. ഇച്ഛാശക്തിയുള്ള തീരുമാനങ്ങൾക്കും ചിട്ടയായ പ്രവർത്തനത്തിനുമുള്ള അംഗീകാരമാണ്‌ ഈ പുരസ്‌കാരം. സർഗാത്മക പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും  പ്രായോഗികതലത്തിൽ അവ ഒന്നൊന്നായി പൂർത്തികരിക്കുകയും ചെയ്‌താണ്‌ തലസ്ഥാനജില്ല രാജ്യത്തിന്‌ മാതൃകയായത്‌. ഉത്പാദന രംഗത്തും കാർഷിക മേഖലകളിലും നടപ്പിലാക്കിയ നൂതനവും മാതൃകാപരവുമായ നിരവധി പദ്ധതികൾ ഇതിന്‌ ഉദാഹരണം. കൃഷി, ജലസംരക്ഷണം, മണ്ണ് സംരക്ഷണം എന്നീ അടിസ്ഥാന മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാൻ ഇതിനകം ജില്ലാപഞ്ചായത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. 
 
ജില്ലയുടെ ശുദ്ധജലക്ഷാമം പരിഹരിക്കുാനും ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കുാനുമുള്ള സമ്പൂർണ ജലസുരക്ഷാപദ്ധതിയായ ജലശ്രീ രാജ്യശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതിയാണ്‌. അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാൻ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുാൻ  നടപ്പാക്കിയ ‘രക്ഷ’, സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലെ ആൺകുട്ടികൾക്ക് യോഗാ പരിശീലനത്തിനുള്ള ‘ദിശ’, ജില്ലയെ വിശപ്പുരഹിതമാക്കി മാറ്റാൻ  പൊതിച്ചോറ് തയ്യാറാക്കി വീടുകളിൽ എത്തിക്കുന്ന ‘പാഥേയം’, കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾക്കുള്ള ആയൂർവ്വേദ ചികിത്സയായ ‘സ്‌നേഹധാര’, പട്ടികവർഗ്ഗ സങ്കേതങ്ങളിലെ പഠനമികവിനായി രാത്രികാല പഠന ക്ലാസ്സ് നടത്തുന്ന ‘വനജ്യോതി’ എന്നിവ സവിശേഷമായ പദ്ധതികളാണ്‌.  
 
കാർഷികരംഗത്ത്‌ ജില്ലയെ സ്വയംപര്യാപ്‌തമാക്കാനായി ഭാവനാസമ്പന്നമായ പദ്ധതികളാണ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയത്‌. സമഗ്ര നെൽകൃഷി വികസനത്തിനായി കേദാരം, ജൈവപച്ചക്കറി വ്യാപനത്തിനായി ജൈവസമൃദ്ധി, ശുദ്ധമായ പാൽ ലഭ്യമാക്കാനുള്ള ഗ്രീൻ മിൽക്ക് എന്നിവയ്‌ക്കൊപ്പം മുട്ട ഉൽപ്പാദനത്തിനുള്ള ഹാച്ചറി യൂണിറ്റുകളും തുറന്നു. 
 
തനത് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂത്തമ്പലം, ട്രാൻസ്‌ജെൻഡർമാരുടെ സാമൂഹ്യപുരോഗതിക്കായി സമന്വയ, സ്‌കൂളുകളിൽ ഗേൾസ് അമിനിറ്റി സെന്റർ നിർമിച്ച് നൽകുന്ന മാനസ, തെരുവുനായ്ക്കളുടെ വന്ധ്യംകരിച്ച് പ്രജനനം നിയന്ത്രിക്കുന്ന എബിസി പദ്ധതി, പ്രാദേശിക ടൂറിസ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന വഴിയോര വിശ്രമകേന്ദ്രങ്ങളായ വഴിയമ്പലം മുതലായ മാതൃകാ പദ്ധതി എന്നിവയും ജില്ലാപഞ്ചായത്ത്‌  നടപ്പാക്കി. മികച്ച ജില്ലാപഞ്ചായത്തിനുള്ള സംസ്ഥാന അവാർഡായ സ്വരാജ് ട്രോഫിയും തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഈവർഷം കരസ്ഥമാക്കി
പ്രധാന വാർത്തകൾ
 Top