15 November Friday

ജീത്തോ മിനിവാനിന്റെ തകരാർ പരിഹരിക്കുന്നില്ലെന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

 പത്തനംതിട്ട

2017ൽ പുറത്തിറക്കിയ  മഹീന്ദ്രാ ജീത്തോ മിനിവാനിന്റെ തകരാർ പരിഹരിക്കാൻ കമ്പനി തയാറാകുന്നില്ലെന്ന് ജീത്തോ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കേരളത്തിൽ  ജീത്തോ വണ്ടികൾ വാങ്ങി ധാരാളം പേർ ഉപജീവനം നടത്തുന്നുണ്ട്. അതിൽ വാഹനം വാങ്ങി സ്വന്തമായും കൂലിക്ക് ആളിനെവെച്ചും ഓടിക്കുന്നവരുണ്ട്‌.  എന്നാൽ ഈ വാഹനത്തിന്‌ ഉൽപാദനത്തിലെ തകരാർ കാരണം കേടുപാടുകൾ സംഭവിക്കുന്നു. ഭൂരിപക്ഷം വാഹനങ്ങളും ചുരുങ്ങിയ കാലയളവിൽ എൻജിൻ പണി രണ്ടും മൂന്നും തവണ നടത്തേണ്ടിവരുന്നു.  നിരത്തിലിറങ്ങുമ്പോൾ വാഹനം നിശ്ചലമായി വഴിയിൽ കിടക്കുകയാണ്. ഇതുമൂലം കടുത്ത സാമ്പത്തിക നഷ്ടം അനുഭവിക്കുന്നു. നിരന്തരം കമ്പനിയെ  ബന്ധപ്പെട്ടാലും യാതൊരുവിധ പ്രതികരണങ്ങളുമില്ല.  വാഹനം നിരത്തിലിറക്കാൻ കഴിയാത്തത് കാരണം വായ്‌പ കുടിശിക അടക്കം വൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കയാണ്.  എൻജിൻ നിർമാണത്തിൽ പിഴവുണ്ടെന്ന് അംഗീകരിച്ച്  പകരം പുതിയ വാഹനങ്ങൾ കമ്പനി നൽകണം.  പുതിയ എൻജിന് കുറഞ്ഞത് ഒരു ലക്ഷം കിലോമീറ്ററെങ്കിലും വാറന്റി നൽകണം.  കമ്പനി നിലപാടിൽ പ്രതിഷേധിച്ച്‌ അസോസിയേഷൻ 26ന്‌ രാവിലെ 10.30ന്‌ കുമ്പഴ നിന്നും പത്തനംതിട്ടയിലേക്ക്‌ പ്രതിഷേധ പ്രകടനം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പ്രകാശ് പാമ്പാടി, സംസ്ഥാന സെക്രട്ടറി ജോജേഷ്, ജില്ലാ പ്രസിഡന്റ്‌ രാജേഷ് മാലക്കര, ജില്ലാ സെക്രട്ടറി ബിനോയ്, ജില്ലാ ട്രഷറർ ആര്യാ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top