03 October Monday

ഹർത്താൽ: ജില്ലയിൽ പരക്കെ അക്രമം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

ഉളിയിൽ ടൗണിൽ പോപ്പുലർ ഫ്രണ്ടുകാർ എറിഞ്ഞു തകർത്ത 
കെഎസ്ആർടിസി ബസ്

 കണ്ണൂർ

പോപ്പുലർഫ്രണ്ട്‌ ഹർത്താലിന്റെ മറവിൽ ജില്ലയിൽ വ്യാപക അക്രമം.  പലയിടത്തും വാഹനങ്ങൾ തകർത്തു. സംഘർഷമുണ്ടാക്കി ജനങ്ങൾ പുറത്തിറങ്ങുന്നത്‌ തടയുകയായിരുന്നു ലക്ഷ്യം. പൊലീസ്‌ കർശന നടപടികളിലൂടെ അക്രമികളെ നേരിട്ടു. ഭൂരിഭാഗം സ്‌കൂളുകളും സർക്കാർ ഓഫീസുകളും പ്രവർത്തിച്ചു. കെഎസ്‌ആർടിസി ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ്‌ തകർത്തത്‌. അമ്പതോളംപേരെ  അറസ്‌റ്റ്‌ ചെയ്‌തു. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെ പയ്യന്നൂരിൽ നാട്ടുകാർ തുരത്തിയോടിച്ചു.
  വിമാനത്താവളത്തിൽനിന്ന്‌ വരുന്ന വാഹനങ്ങളെയും ഹർത്താലുകാർ വെറുതെവിട്ടില്ല. സഹോദരനെ  വിമാനത്താവളത്തിലിറക്കി  തിരിച്ചുവരികയായിരുന്ന പാപ്പിനിശേരിയിലെ ഹനീഫയെ കൂടാളിയിൽ പുലർച്ചെ 5.30നാണ്‌ പോപ്പുലർഫ്രണ്ടുകാർ തടഞ്ഞുനിർത്തി ആക്രമിച്ചത്‌. ആയുധങ്ങളുമായാണ്‌ വാഹനം തടഞ്ഞത്‌. വാഹനത്തിന്റെ ചില്ലുകൾ പൂർണമായും തകർത്തു. 
മട്ടന്നൂരിൽ ആർഎസ്‌എസ്‌ ഓഫീസിന്‌ പെട്രോൾ ബോംബെറിഞ്ഞു. ഉളിയിൽ നരയമ്പാറയിൽ പത്രം കൊണ്ടുപോകുന്ന വാഹനത്തിന്‌  ബോംബെറിഞ്ഞു. കണ്ണൂർ കാൽടെക്‌സിൽ ചരക്കുലോറികൾക്ക്‌ കല്ലെറിഞ്ഞു. ലോറി തടഞ്ഞുനിർത്തി താക്കോൽ എടുത്തുകൊണ്ടുപോയി. വളപട്ടണത്ത്‌ റോഡിൽ ടയർ കൂട്ടിയിട്ട്‌ കത്തിച്ചാണ്‌ ഗതാഗത തടസ്സമുണ്ടാക്കിയത്‌. 
വിമാനത്താവളത്തിലേക്ക്‌ പോകുകയായിരുന്ന ട്രാവലർ കാഞ്ഞിരോട്‌ എറിഞ്ഞുതകർത്തു. ഇരിട്ടിയിൽ കെഎസ്‌ആർടിസി ബസ്സും ഓട്ടോറിക്ഷയും തകർത്തു. ധർമശാലയിൽ വാഹനങ്ങൾക്കുനേരെ പരക്കെ കല്ലേറുണ്ടായി. പൊലീസ്‌ വാഹനത്തിൽ വരികയായിരുന്ന കോടതി ജീവനക്കാരിക്ക്‌ പരിക്കേറ്റു. കരിപ്പൂലിലെ പ്രീതയ്‌ക്കാണ്‌ പരിക്കേറ്റത്‌. 
 മാങ്കടവിൽ പൊലീസിനുനേരെ പെട്രോൾ ബോംബെറിഞ്ഞു.
മാഹിയിൽ ഹർത്താൽ ഭാഗികമായിരുന്നു. ബഹുഭൂരിപക്ഷം കടകളും തുറന്നു. പിആർടിസി ബസ്സും വാഹനങ്ങളും പതിവുപോലെ സർവീസ്‌ നടത്തി.  പാറാൽ പള്ളിയിൽനിന്ന്‌ നിസ്‌കാരം കഴിഞ്ഞിറങ്ങിയവരെ ആർഎസ്‌എസ്സുകാർ മർദിച്ചതൊഴിച്ചാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. 
തലശേരി ടൗണിനെ ഹർത്താൽ ബാധിച്ചെങ്കിലും നാട്ടിൻപുറങ്ങളിൽ കടകൾ തുറന്നു. വാഹനങ്ങളും  സർവീസ്‌ നടത്തി. പത്ത്‌ പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരെ തലശേരി സ്‌റ്റേഷൻ പരിധിയിൽനിന്ന്‌ മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്‌റ്റഡിയിലെടുത്തു.
 
ഭീഷണിപ്പെടുത്തി കടകളടപ്പിക്കാൻ ശ്രമം
 നാട്ടുകാർ തുരത്തിയോടിച്ചു
പയ്യന്നൂർ
ഹർത്താലിൽ  ഭീഷണി മുഴക്കി കടകളടപ്പിക്കാനെത്തിയ പോപ്പുലർഫ്രണ്ടുകാരെ പയ്യന്നൂരിൽ നാട്ടുകാർ തുരത്തിയോടിച്ചു.  രാവിലെ പത്തോടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന്‌ മൂന്ന് ഇരുചക്ര വാഹനങ്ങളിലായെത്തിയ ആറംഗ സംഘമാണ്‌ കടകൾ അടയ്‌ക്കാൻ ആവശ്യപ്പെട്ടത്‌. പഴയ ബസ്‌സ്റ്റാൻഡ് ഭാഗങ്ങളിൽ തുറന്ന കടകളിലും സ്ഥാപനങ്ങളിലും കയറി ഉടൻ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾ തിരിച്ചുവരുമ്പോൾ ഇങ്ങനെ ആയിരിക്കില്ല പെരുമാറ്റമെന്ന് ഭീഷണി മുഴക്കിയാണ് സംഘം സെൻട്രൽ ബസാർ ഭാഗത്തേക്ക് നീങ്ങിയത്.
    സെൻട്രൽ ബസാറിൽ എത്തിയപ്പോൾ വ്യാപാരികളും നാട്ടുകാരും ഇവരെ തടഞ്ഞു.  സംഭവമറിഞ്ഞെത്തിയ പൊലീസിനും നാട്ടുകാർക്കുംനേരെ ഭീഷണി ഉയർത്തിയതോടെ കൈയാങ്കളിയായി. 
  ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാലുപേരെ  നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.  തൃക്കരിപ്പൂർ കാരോളത്തെ കെ വി മുബഷീർ (25),  ഒളവറ മുണ്ട്യക്ക് സമീപത്തെ അബ്ദുൾ മുനീർ (37), രാമന്തളി വടക്കുമ്പാട്ടെ നർഷാദ് (25), ശുഹൈബ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  വടക്കുമ്പാട്ടെ അലൂമിനിയം ഫാബ്രിക്കേഷൻ കട ഉടമയായ ശുഹൈബ്  യൂത്ത് ലീഗ് പ്രവർത്തകനെ മർദിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.
   കോടതി നിർദേശം ലംഘിച്ച്  കലാപം നടത്തണമെന്ന ലക്ഷ്യത്തോടെ സംഘം ചേരൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ  തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്  ഇവർക്കെതിരെ കേസെടുത്തത്.
 
പെട്രോൾ ബോംബുമായി 
2 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ
കല്യാശേരി
പാപ്പിനിശേരി, കല്യാശേരി പ്രദേശങ്ങളിൽ പോപ്പുലർ ഫ്രണ്ട് ആക്രമണം. മാങ്കടവ് ചാലിൽ പൊലീസിന് നേരെ  പെട്രോൾ ബോംബെറിഞ്ഞു.  കല്യാശേരിയിൽ പെട്രോൾ ബോംബുമായെത്തിയ രണ്ടുപേർ പിടിയിൽ. ഒരു സ്കൂട്ടറും രണ്ട് പെട്രോൾ ബോംബും കസ്‌റ്റഡിയിലെടുത്തു. 
മാങ്കടവ് കുന്നുമ്പ്രത്തെ മുഹമ്മദ് അനസ്, പാപ്പിനിശേരി പാറക്കലിലെ എൻ ഷഫീഖ് (24) എന്നിവരെയാണ് പിടികൂടിയത്. ദേശീയപാതയിലൂടെ തളിപ്പറമ്പ് ഭാഗത്ത്നിന്ന് കണ്ണൂർ ഭാഗത്തേക്ക് ബോംബുമായി പോകുന്ന അഞ്ചംഗസംഘത്തിലെ രണ്ടുപേരാണ്  പിടിയിലായത്. മുഹമ്മദ് അനസിനെ സ്കൂട്ടർ സഹിതം പിടികൂടുകായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ഷഫീഖ് ഇറങ്ങി ഓടി. പൊലീസ് ഏറെ നേരത്തെ തിരച്ചലിനൊടുവിൽ ഉൾപ്രദേശത്തെ വീടിന്റെ പിന്നാമ്പുറത്തെ ഷെഡിൽ ഒളിച്ച  ഇയാളെ പിടികൂടുകയായിരുന്നു. ഒരു ബൈക്കിലും ഒരു സ്കൂട്ടറിലുമായി രണ്ട് കുപ്പികളിലാണ് പെട്രോൾ ബോംബ് തയ്യാറാക്കിയത്. സ്കൂട്ടറിലെ സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ് ബോബുകൾ കണ്ടെത്തിയത്. മറ്റൊരു സഞ്ചിയിൽ കരിങ്കൽ ചീളുകളുമുണ്ടായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂന്നുപേരാണ് രക്ഷപ്പെട്ടത്.
പാപ്പിനിശേരി മാങ്കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെയും പെട്രോൾ ബോംബെറിഞ്ഞു.  വളപട്ടണം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർക്ക് നേരെയാണ് ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞത്. ബോംബ്‌ ലക്ഷ്യംതെറ്റി  വീണതിനാലാൽ  പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 
ഹാജിമൊട്ടയിൽ ബൈക്കിലെത്തിയ പോപ്പുലർ ഫ്രണ്ടുകാർ ലോറിക്ക് കല്ലെറിഞ്ഞു. പഴയ റജിസ്ട്രാർ ഓഫീസിന് സമീപം ഗുഡ്സ്‌ ഓട്ടോ  തകർത്തു.
പാപ്പിനിശേരിയിൽ കെഎസ്ആർടിസി ബസ്സിന്‌  കല്ലെറിഞ്ഞു. വളപട്ടണം പാലത്തിന് സമീപം റോഡിൽ തീയിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top