03 October Monday

തുഹിന്റെ നിറങ്ങളിൽ പിറന്നു അമ്മയുടെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

ആർ തുഷാരയും മകൾ തുഹിൻ റോസും

കണ്ണൂർ
ചുറ്റുമുള്ളതെല്ലാം ഇതളിന്‌ കൗതുകമാണ്‌. നോവൽകഥാപാത്രമായ ഈ കൊച്ചുമിടുക്കിയെ എഴുത്തുകാരിയുടെ ഭാവനയ്ക്കനുസരിച്ച്‌ നിറം പകർന്ന്‌ കുസൃതിക്കുടുക്കയാക്കിയത്‌ മകളും. ആർ തുഷാരയുടെ ‘അങ്ങനെയല്ലോ ആകാശയാത്രകൾ ഉണ്ടായത്‌’ ബാലനോവലിലാണ് സാഹിത്യലോകത്തെ ഈ അപൂർവത. കുഞ്ഞുകൈകൾകൊണ്ട്‌ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാൻ കൊതിക്കുന്ന ബാല്യത്തിന്റെ കഥപറയാൻ അമ്മ തുഷാര ശ്രമിക്കുമ്പോൾ അതിലേറെ ഹൃദ്യമായി കഥാസന്ദർഭങ്ങൾ വരച്ചത് മകൾ തുഹിൻ റോസാണ്.
കണ്ണൂർ ചൊവ്വ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌ വൺ വിദ്യാർഥിയായ തുഹിൻ റോസ്‌ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാർട്ടൂൺ രചനയിൽ സമ്മാനം നേടിയിട്ടുണ്ട്‌. ചിത്രരചന പഠിച്ചില്ലെങ്കിലും വായിച്ച കഥകളിലെ സന്ദർഭങ്ങളെല്ലാം ചിത്രങ്ങളാക്കുന്നത്‌ തുഹിന്റെ പതിവായിരുന്നു. അങ്ങനെയാണ്‌  തുഷാരയുടെ നോവലിനായി തുഹിൻ ചിത്രങ്ങൾ വരയ്‌ക്കുന്നത്‌. പത്ത്‌ ചിത്രങ്ങളാണ്‌ നോവലിലുള്ളത്‌. ജി വി ബുക്‌സ്‌ പുറത്തിറക്കിയ നോവൽ കണ്ണൂർ ടൗൺസ്‌ക്വയറിലെ ലൈബ്രറി കൗൺസിൽ പുസ്‌തകമേളയിലുണ്ട്‌.
കണ്ണൂർ ചിന്മയ വിദ്യാലയ അധ്യാപികയായ ആർ തുഷാരയുടെ ആറാമത്തെ പുസ്‌തകമാണിത്‌. മഴസ്‌മരൺ,  പവർ ബാങ്ക്‌ കഥാസമാഹാരങ്ങൾ, അശരീരികളുടെ പ്രണയം കവിതസമാഹാരം, ആകാശം കടൽ പട്ടങ്ങൾ ബാല സാഹിത്യ നോവൽ എന്നിവയാണ്‌  മറ്റ്‌ കൃതികൾ. കോഴിക്കോട്‌ സ്വദേശിനിയായ തുഷാര കണ്ണൂർ തോട്ടടയിലാണ്‌ താമസം. ഭർത്താവ്‌: റിജു. നീലും നീതുമാണ്‌ മറ്റു മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top