31 October Saturday
കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല

അശോകനെ കാത്ത് തീരഗ്രാമം

സ്വന്തം ലേഖകൻUpdated: Thursday Sep 24, 2020
കരുനാഗപ്പള്ളി 
ആലപ്പാട്ടുനിന്നു മത്സ്യബന്ധത്തിനുപോയ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ തൊഴിലാളിക്കായി രണ്ടാംദിവസവും നടത്തിയ തെരച്ചിലും വിഫലം. കാണാതായ ശ്രായിക്കാട് ഇടയിലവീട്ടിൽ അശോകനാ (56)യി കാത്തിരിക്കുകയാണ്‌ തീരദേശ ഗ്രാമം. കടലമ്മ ശുഭകരമായ വാർത്ത നൽകുമെന്ന പ്രതീക്ഷയിലാണ്‌ അശോകന്റെ ഭാര്യ സിന്ധുവും മക്കളായ ആനന്ദും അശ്വിനും. 
അശോകനുവേണ്ടി ബുധനാഴ്ച രാവിലെ മുതൽതന്നെ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇതിനിടെ അപകടത്തിൽപ്പെട്ട് കരയ്‌ക്കടിഞ്ഞ ബോട്ട് ഉയർത്തി എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കെഎംഎംഎല്ലിൽനിന്ന്‌ വലിയ ക്രെയിൻ കൊണ്ടുവന്നാണ് ബോട്ട് ഉയർത്താൻ ശ്രമിച്ചത്. എന്നാൽ, എൻജിൻ ഭാഗം മാത്രമാണ്  ഉയർത്തിയെടുക്കാനായത്. ആർ രാമചന്ദ്രൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ പി സെലീന, മത്സ്യഫെഡ് ഡയറക്ടർ ജി രാജദാസ് എന്നിവർ തെരച്ചിലിന്‌ നേതൃത്വം നൽകി. അപകടത്തിൽപ്പെട്ട ദിയ എന്ന ബോട്ടിന്റെ ഉടമ കൂടിയായിരുന്നു മത്സ്യത്തൊഴിലാളിയായ അശോകൻ. ഏറെ നാളെത്തെ സമ്പാദ്യമായിരുന്നു ബോട്ട്.  ചൊവ്വാഴ്ച രാവിലെ 7.30നാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിൽനിന്നു മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. തകർന്ന ബോട്ട് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുലിമുട്ടിനു സമീപമാണ് കരയ്ക്കടിഞ്ഞത്. മത്സ്യബന്ധനത്തിനിടെ വല ബോട്ടിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങിയതാണ് അപകട കാരണം. തുടർന്ന് ശക്തമായ കാറ്റിൽ ബോട്ട് ഒഴുകിപ്പോകുകയായിരുന്നുവെന്ന്‌ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അപകടത്തിൽ മരിച്ച ശ്രായിക്കാട് കൊച്ചുതറയിൽ സുധന്റെ (52) മൃതദേഹം ബുധനാഴ്ച പകൽ 12ന്‌ വീട്ടുവളപ്പിൽ സംസ്കരിച്ചു. അശോകനെ കണ്ടെത്താനായി വ്യാഴാഴ്‌ച ഡ്രോൺ ഉപയോഗിച്ച്‌ പരിശോധന നടത്തും. ഫിഷറീസ് മന്ത്രിയുമായി ബന്ധപ്പെട്ട് നേവിയുടെ ഉൾപ്പെടെ സഹായം ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടതായി മത്സ്യഫെഡ് ഡയറക്ടർ ജി രാജദാസ് പറഞ്ഞു. സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top