16 November Saturday

ലൈഫ്‌ഗാർഡിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ശംഖുംമുഖം കടലിൽ കാണാതായ ലൈഫ്‌ഗാർഡ്‌ ജോൺസന്റെ മൃതശരീരം രാജീവ്‌ നഗറിലെ വസതിയിൽ എത്തിച്ചപ്പോൾ വിലപിക്കുന്ന ഭാര്യ ശാലിനിയും മകൾ ആരതിയും ബന്ധുക്കളും

തിരുവനന്തപുരം
ശംഖുംമുഖത്ത്‌ തിരയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കടലിൽ കാണാതായ ലൈഫ്‌ ഗാർഡ്‌ ജോൺസൺ ഗബ്രിയേലി(43)ന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്‌ച പകൽ രണ്ടോടെയാണ്‌ വലിയതുറ എഫ്‌സിഐ ഗോഡൗണിന്‌ എതിരെയുള്ള കടലിൽ  മൃതദേഹം കണ്ടത്‌. ജീവന്റെ തീരത്തേക്ക്‌ നിരവധി പേരെ കൈപിടിച്ചുയർത്തിയ ലൈഫ്‌ഗാർഡിന്റെ ജീവനാണ്‌ കടൽ എടുത്തതത്‌. രക്ഷാപ്രവർത്തനത്തിനിടെ മരിക്കുന്ന സംസ്ഥാനത്തെ ആദ്യ ലൈഫ്‌ ഗാർഡാണ്‌ ജോൺസൺ. മത്സ്യത്തൊഴിലാളികളാണ്‌ ആദ്യം മൃതദേഹം കണ്ടത്‌. ഉടൻ തീരക്കടലിലും ആഴക്കടലിലും വള്ളങ്ങളിൽ തെരച്ചിൽ നടത്തുകയായിരുന്നവരെ വിവരമറിക്കുകയായിരുന്നു.
 
 തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം മൃതദേഹം വയർലസ്‌ ജങ്‌ഷനിലെ രാജീവ്‌ നഗറിലെ വസതിയായ അഭിഹൗസിൽ പൊതുദർശനത്തിന്‌ വച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും നിരവധി നാട്ടുകാരും അന്ത്യോപചാരമർപ്പിച്ചു. തുടർന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌  പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ശാലിനിയാണ്‌ ജോൺസന്റെ ഭാര്യ: മക്കൾ: അഭി, ആതിര (ഇരുവരും വിദ്യാർഥികൾ).
 
ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിനാണ്‌ മൂന്നാർ സ്വദേശി അമൂല്യയെ രക്ഷിക്കാൻ   ജോൺസൺ കടലിൽ ഇറങ്ങിയത്‌. ഇവരെ രക്ഷിച്ച്‌ തീരത്ത്‌ എത്തിച്ച ജോൺസന്റെ തല കരിങ്കല്ലിൽ ഇടിച്ചു. അബോധാവസ്ഥയിലായ ഇദ്ദേഹം വലിയ തിരയിൽ അകപ്പെട്ടു. മത്സ്യത്തൊഴിലാളികൾ, ലൈഫ്‌ഗാർഡ്‌, നാവികസേന, കോസ്റ്റുഗാർഡ്‌ എന്നിവർ ഉൾപ്പെട്ട സംഘം തെരച്ചിൽ നടത്തുന്നതിനിടെയാണ്‌ മൂന്നാംപക്കം പ്രതീക്ഷകൾ വിഫലമാക്കി മൃതദേഹം കരയ്‌ക്കടിഞ്ഞത്‌.
പ്രധാന വാർത്തകൾ
 Top