20 September Friday

ചാലിയാർ തീരം ഇടിയുന്നു

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2019

വെസ്‌റ്റ്‌ പത്തനാപുരത്ത്‌ ചാലിയാർ തീരം ഇടിഞ്ഞനിലയിൽ

 

 
അരീക്കോട്
വീടുകൾക്ക് ഭീഷണിയായി ചാലിയാറിന്റെ തീരം ഇടിഞ്ഞുവീഴുന്നു. കീഴുപറമ്പ് പഞ്ചായത്തിൽ വെസ്റ്റ് പത്തനാപുരത്താണ് ഇരുപതിലേറെ വീടുകൾക്ക് ഭീഷണിയായി  തീരം ഇടിഞ്ഞ് താഴുന്നത്‌. പ്രദേശത്ത് ഒറ്റ ദിവസം 300 മീറ്റർ കരയാണ്‌ ഇടിഞ്ഞത്‌. തീരം ഇടിഞ്ഞതോടെ പ്രദേശത്ത് ഭൂമിയിൽ വിള്ളൽ വീണതും പ്രദേശവാസികളെ ആശങ്കയിലാക്കി. 
പഞ്ചായത്തിലെ എട്ടാം വാർഡിലാണ്  തീരം ഇടിഞ്ഞ് താഴുന്നത്. ആർടിസ്റ്റ് മുജീബ്, ഡോ. ലെവിസ് വസീം, എ പി ഹനീഫ എന്നിവരുടേത് ഉൾപ്പെടെ 13 സെന്റ് ഭൂമിയും പുരയിടവും മൂന്നാൾ താഴ്ചയിൽ പുഴയിലേക്ക് താഴ്ന്നിറങ്ങി. ശേഷിക്കുന്ന ഭാഗവും ഇടിച്ചിൽ ഭീഷണിയിലാണ്. രണ്ട് വീടുകൾ ഏത് നിമിഷവും പുഴയെടുക്കുന്ന അവസ്ഥ. തെങ്ങുകളും കരയിലെ ഫലവൃക്ഷങ്ങളും കിണറുകളുമെല്ലാം പുഴയിലേക്ക് താഴ്ന്നു. പ്രളയജലം ഇറങ്ങിയതിന് പിന്നാലെയാണ് തീരം വ്യാപകമായി പുഴയിലേക്ക് ഇടിഞ്ഞുതാഴുന്ന പ്രതിഭാസമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. 
വലിയ തോതിൽ കരയിടിഞ്ഞതോടെ ഡോ. വസീമിന്റെ നിർമാണത്തിലിരിക്കുന്ന വീടും അപകടഭീഷണിയിലായി. പുഴയോരത്ത് ഒരു വീട് എന്ന സ്വപ്‌നം കണ്ടാണ് വസീം മോഹവില നൽകി ചാലിയാർ കരയിൽ സ്ഥലം വാങ്ങിയത്. 
വീടിന്റെ മുറ്റംവരെ പുഴയെടുത്തു. പറമ്പിലെ മരങ്ങളും കിണറുകളുമടക്കം പുഴയിലേക്ക് ഇടിഞ്ഞുകഴിഞ്ഞു.  വീട് അപകട ഭീഷണിയിലായി.  ഏഴുസെന്റ് ഭൂമിയും പുഴയിലേക്ക് ഇടിഞ്ഞുതാണതോടെ അവശേഷിക്കുന്ന ഭൂമിയിലും വിള്ളലായി. കരയിടിച്ചിലിനെ തുടർന്ന് വീടുകൾ വാസയോഗ്യമല്ലാതായതോടെ ആർടിസ്റ്റ് മുജീബിന്റെയും എ പി ഹനീഫയുടെയും കുടുംബവും വാടക വീട്ടിലേക്ക് താമസംമാറി.  ചാലിയാർ കരകവിഞ്ഞ് ഒഴുകിയതോടെ ഈ പഞ്ചായത്തിൽമാത്രം 14 വീടുകളാണ് തകർന്നത്. 
സംരക്ഷണഭിത്തി ഇല്ലാത്തതാണ് തീരമിടിയാൻ പ്രധാന കാരണം. ഇക്കുറി ഏക്കർ കണക്കിന് സ്ഥലമാണ് ഇടിഞ്ഞ് നശിക്കുന്നത്. പത്തനാപുരം പാലത്തിനും ഭീഷണി ഉയർത്തിയിട്ടുണ്ട്. ചാലിയാറിന്റെ കൈവരിയായ ചെറുപുഴയുടെ തീരവും ഇടിയുന്നുണ്ട്. 
തീരത്ത് സംരക്ഷണ ഭിത്തി നിർമിച്ച് വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top