20 September Friday

കുഞ്ഞിക്കാൽ കണ്ടവർ കുന്നോളം ഹാപ്പി

സ്വന്തം ലേഖികUpdated: Saturday Aug 24, 2019
 
കൊല്ലം
ഒരിക്കൽ ഈ പടി കയറി ഇവരെത്തിയത്‌ നിരാശയും ഒപ്പം പ്രതീക്ഷയും കലർന്ന മുഖത്തോടെയായിരുന്നു. വിവാഹം കഴിഞ്ഞ്‌ വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കൺമണിയെ കിട്ടാതെ പലയിടങ്ങളിലായി ചികിത്സ കഴിഞ്ഞിട്ടും നിരാശരായവർ.  
 വെള്ളിയാഴ്‌ച വീണ്ടും മുറ്റത്തേക്കുവന്ന ഇവരുടെയെല്ലാം മുഖത്ത്‌ സന്തോഷം അലയടിക്കുകയായിരുന്നു. ഉള്ളിൽ അടക്കിവച്ച ആഹ്ലാദം പുറത്തേക്കുവന്നു.  കുഞ്ഞുങ്ങളുടെ കളിചിരികളാൽ 132 വയസ്സുള്ള  കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിക്ക്‌ വീണ്ടും നിറബാല്യം. 
 ജീവിതം തളിർത്തതിന്റെ ആഹ്ലാദത്തോടെ, അച്ഛനും അമ്മയുമായതിന്റെ  അഭിമാനത്തോടെ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച്‌ അവർ എത്തിയത്‌ വന്ധ്യതാനിവാരണ ക്ലിനിക്‌  സംഘടിപ്പിച്ച   ‘താരാട്ട്‌’ സംഗമത്തിനാണ്‌.   
ചികിത്സ തേടിയ ദമ്പതികളും അവർക്കു  പിറന്ന കുഞ്ഞുങ്ങളും ആശുപത്രി കോൺഫറൻസ്‌ ഹാളിലാണ്‌ ഒത്തുകൂടിയത്‌. സ്‌നേഹസമ്മാനങ്ങളുമായി അവരെ ഡോക്ടർമാരും ജീവനക്കാരും എതിരേറ്റു.   
 2017 നവംബർ മുതൽ 2018 നവംബർ വരെ സന്താനഭാഗ്യമുണ്ടായ 39 ദമ്പതികളാണ്‌  കുഞ്ഞുങ്ങളുമായി എത്തിയത്‌.  വർഷങ്ങളായി  കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച്‌  ഇരട്ടക്കുട്ടികളെയും മൂന്നു കുഞ്ഞുങ്ങളെയും കിട്ടിയവരും ഒക്കെ സംഗമത്തിനെത്തി. 
 75 ദമ്പതിമാർക്കാണ്‌ ഈ കാലയളവിൽ   കുഞ്ഞുങ്ങളുണ്ടായത്‌.  ഡോ. ജെ അഞ്ജലിയുടെ നേതൃത്വത്തിലുള്ള ചികിത്സയിലൂടെയാണ്‌ ഇവർക്ക്‌ ജീവിതാഭിലാഷം നിറവേറ്റാനായത്‌. 2014ൽ ജില്ലാ പഞ്ചായത്താണ്‌  ക്ലിനിക്‌ ഏർപ്പെടുത്തിയത്‌. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ വേണ്ടിവരുന്ന  ചികിത്സയാണ്‌ ഇവിടെ ചുരുങ്ങിയ ചെലവിൽ നടത്തുന്നത്‌. സംഗമം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാധാമണി ഉദ്‌ഘാടനംചെയ്‌തു.  
സ്ഥിരം സമിതി അധ്യക്ഷ ശ്രീലേഖ വേണുഗോപാൽ അധ്യക്ഷയായി.  കുഞ്ഞുങ്ങൾക്ക്‌  സമ്മാനത്തോടൊപ്പം അമ്മമാർക്ക്‌ മൊമന്റോയും നൽകി.  
 ആശുപത്രി സൂപ്രണ്ട്‌  സൈജു ഹമീദ്‌ സ്വാഗതം പറഞ്ഞു.  ഡോ. ജെ അഞ്‌ജലി  റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. കൃഷ്‌ണവേണി, ഡോ. ശ്രീകുമാരി എന്നിവർ ക്ലാസെടുത്തു.
പ്രധാന വാർത്തകൾ
 Top