ആലപ്പുഴ
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെയും ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ്യ സ്കൂളിലെയും ക്യാമ്പുകളിലായിരുന്നു സന്ദർശനം. എല്ലാം നഷ്ടപ്പെട്ടുവെന്ന സങ്കടം പ്രകടിപ്പിച്ചവർക്ക് നമുക്ക് ശരിയാക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസത്തിന്റെ തണലായി. ക്യാമ്പുകളിൽ ഭക്ഷണവും ഡോക്ടർമാരുടെ സേവനവുമുൾപ്പെടെയുള്ള സൗകര്യങ്ങളെക്കുറിച്ച് പിണറായി ചോദിച്ചറിഞ്ഞു.
വായുസേനയുടെ ഹെലികോപ്റ്ററിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മൈതാനത്തിറങ്ങിയ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ എന്നിവർ ഉണ്ടായി. എംഎൽഎമാരായ സജി ചെറിയാൻ, ആർ രാജേഷ്, കലക്ടർ എസ് സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ രാഘവൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത, ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവർ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.
ആലപ്പുഴയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ടി എം തോമസ് ഐസക്ക്, ജി സുധാകരൻ, ഇ ചന്ദ്രശേഖരൻ, പി തിലോത്തമൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കെ സി വേണുഗോപാൽ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, കലക്ടർ എസ് സുഹാസ്, സബ് കലക്ടർ വി ആർ കൃഷ്ണതേജ, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, യുവജന ക്ഷേമ ബോർഡംഗം മനു സി പുളിക്കൽ എന്നിവരുമുണ്ടായി.