19 September Sunday

നഷ്ടത്തിന്റെ വിങ്ങലിൽ 
ഇവിടെയൊരു ഒളിമ്പ്യൻ

സ്വന്തം ലേഖകൻUpdated: Saturday Jul 24, 2021

ടി ഗോപി

കൽപ്പറ്റ
ടോക്യോ ഒളിമ്പിക്‌സിന്‌ വെള്ളിയാഴ്‌ച തിരിതെളിഞ്ഞപ്പോൾ വീണ്ടുമൊരിക്കൽകൂടി ആ ചരിത്ര മുഹൂർത്തത്തിൽ പങ്കാളിയാവാൻ കഴിയാത്തതിന്റെ  നിരാശയിലാണ്‌ മാരത്തോൺ ഓട്ടക്കാരൻ ഒളിമ്പ്യൻ ടി ഗോപി. ബത്തേരി മൂലങ്കാവ്‌ സ്വദേശിയായ ഈ ഇന്ത്യൻ ആർമി താരത്തിന്‌ പരിക്കാണ്‌ വില്ലനായത്‌. കാൽമുട്ടിന്റെ പരിക്കിനെ തുടർന്ന്‌ ചികിത്സയിലും വിശ്രമത്തിലുമായതിനാൽ ഒളിമ്പിക്‌ യോഗ്യതാനിർണയ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന്‌ ഗോപി പറഞ്ഞു. ‌2019 മുതൽ അലട്ടിയിരുന്ന പരിക്ക്‌ ഗുരുതരമായതോടെ കഴിഞ്ഞവർഷം ശസ്‌ത്രക്രിയ വേണ്ടിവന്നു. തുടർന്ന്‌ അഞ്ച്‌ മാസത്തോളം വിശ്രമം. പരിശീലനം വീണ്ടും ആരംഭിക്കാനിരിക്കെ  കോവിഡ്‌ കാലമെത്തി.  മത്സരങ്ങളിലേക്കും തുടർ പരിശീലനത്തിലേക്കും പൂർണമായും കടക്കാൻ കഴിഞ്ഞില്ല. മെയ്‌ 31 നായിരുന്നു ഒളിമ്പിക്‌സിന്‌ യോഗ്യത നേടുന്നതിനുള്ള അവസാന അവസരം. എന്നാൽ പൂർണ ശാരീരികക്ഷമത കൈവരിക്കാൻ കഴിയാതിരുന്നതിനാൽ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല–-ഗോപി പറഞ്ഞു.  ‌
   2016 റിയോ ഒളിമ്പിക്‌സിൽ 2.15.25 സമയം കുറിച്ച്‌ 25–-ാം സ്ഥാനത്തായി ഫിനിഷ്‌ ചെയ്‌ത ഗോപി 2019ൽ കരിയറിലെ മികച്ച സമയവും കുറിച്ചിരുന്നു. 2019 മാർച്ചിൽ നടന്ന സിയോൾ മാരത്തണിൽ 2.13.39 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌തിരുന്നു.  ഈ ആത്മവിശ്വാസത്തിൽ മുന്നേറുന്നതിനിടെയാണ്‌ ഈ മുപ്പത്തിരണ്ടുകാരനെ പരിക്ക്‌ വീണ്ടും പിടികൂടിയത്‌. ‌പരിക്കിൽ നിന്നുള്ള തിരിച്ചുവരവ്‌ വെല്ലുവിളിയായി എടുത്ത്‌ 2022ലെ ഏഷ്യൻ ഗെയിംസിനുള്ള തയ്യാറെടുപ്പിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഗോപി പറഞ്ഞു. 
   2016ലെ സൗത്ത്‌ എഷ്യൻ ഗെയിംസിൽ പതിനായിരം മീറ്ററിൽ ചാമ്പ്യനായിരുന്നു. 2017ൽ ലണ്ടനിൽ നടന്ന ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top