11 December Wednesday

സംസ‌്കരണ പ്ലാന്റിന്‌ ശിലയിട്ടു സ്വന്തം ലേഖകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

കഠിനംകുളം ചാന്നാങ്കരയിൽ സ്ഥാപിക്കുന്ന കുടുംബശ്രീ കോഴിയിറച്ചി സംസ‌്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എ സി മൊയ്തീൻ നിർവഹിക്കുന്നു. മന്ത്രി കെ രാജു, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി എന്നിവർ സമീപം

മംഗലപുരം
കഠിനംകുളം ചാന്നാങ്കരയിൽ സ്ഥാപിക്കുന്ന കുടുംബശ്രീ കോഴിയിറച്ചി സംസ‌്കരണ പ്ലാന്റിന്‌ ശിലാസ്ഥാപനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‌  ആവശ്യമായ ഗുണനിലവാരമുള്ള കോഴി ഇറച്ചി ചുരുങ്ങിയ വിലയ്ക്ക് ആവശ്യക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്‌. 5000 കർഷകരെ 1000 കോഴികൾ വളർത്താൻ ശേഷിയുള്ളവരാക്കും. പദ്ധതി വഴി ഇറച്ചിക്കോഴി ഉത്പാദനം മികച്ച രീതിയിൽ ആരംഭിക്കുന്നതോടെ കേരളത്തിലാകമാനം ഇതിന്റെ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. ഇതുവഴിയും നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
ചടങ്ങിൽ ബ്രോയ്‌ലർ സ്റ്റോക്ക് പേരന്റ്  ഫാമിന്റെ ശിലാസ്ഥാപനം മന്ത്രി കെ രാജു നിർവഹിച്ചു. ശുദ്ധമായ കോഴിയിറച്ചി ഉൽപ്പാദിപ്പിച്ച് ചുരുങ്ങിയ വിലയ്ക്ക് വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പാട്ടത്തിനെടുത്ത ചാന്നാങ്കരയിലെ അഞ്ചേക്കർ സ്ഥലത്ത‌് പ്ലാന്റ് വരുന്നത്. മണിക്കൂറിൽ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. ഓരോ യൂണിറ്റിലും ആഴ്ചയിൽ 60000 കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. വിരിയിച്ച കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകൾക്ക് നൽകുകയും തുടർന്ന് വളർച്ചയെത്തിയ കോഴികളെ തിരികെ എടുത്ത് പ്രോസസ് ചെയ്തു കേരള ചിക്കൻ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നതാണ്‌ പദ്ധതി. സെപ്തംബറോടെ കേരളാചിക്കൻ വിപണിയിൽ ലഭ്യമായിത്തുടങ്ങും.
 
  ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനായി. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ്, ഡോ. നികേഷ്‌കുമാർ, കുടുംബശ്രീ ഡയറക‌്ടർ എസ് ഹരികിഷോർ, ടി കെ ജോസ്, ഡോ. പി സി സുനിൽകുമാർ, ആഷാ വർഗീസ്‌, ഷൈജി തുടങ്ങിയവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top