30 June Thursday

‘അവിൽ ഇസ്‌തിരി’

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

കണ്ണപുരത്തെ ചായക്കടയിൽ അവിൽ ഇസ്തിരി ഒരുക്കുന്ന സഹോദരങ്ങളായ സതീശനും രാമചന്ദ്രനും

കണ്ണൂർ
അവിലും പഴവും പഞ്ചസാരയുംകൂട്ടി ഒന്നു പിടിക്കാത്തവർ ഉണ്ടാവില്ല. പക്ഷേ, കണ്ണപുരത്തെ ‘അവിൽ ഇസ്‌തിരി’ വേറെ ലെവലാണ്‌. കടൽകടന്നെത്തുന്ന രുചിമേളങ്ങൾക്കിടയിലും ഒരു കോട്ടവും തട്ടിയിട്ടില്ല കണ്ണൂരിന്റെ സ്വന്തം അവിൽ ഇസ്‌തിരിയുടെ പെരുമയ്‌ക്ക്‌.  
അവിലും പഴവും പഞ്ചസാരയും പാലും. മുകളിൽ ഒരു പിടി ഓമപ്പൊടിയും. ഇത്രയും ഒരു പ്രത്യേക ചേരുവയിലായാൽ അവിൽ ഇസ്‌തിരിയായി. പ്ലേറ്റിൽ അവിൽ എടുത്തശേഷം റോബസ്‌റ്റ പഴമാണ്‌ വട്ടത്തിൽ മുറിച്ചിടുക. പഞ്ചസാരയും പാലും ചേർത്തശേഷമാണ്‌ മുകളിൽ ഓമപ്പൊടി വിതറുക. 
  വർഷങ്ങളായി വിളമ്പുന്ന ഒരേ രുചിയായിട്ടും അവിൽ ഇസ്‌തിരി തേടിയെത്തുന്നവരുടെ എണ്ണം കൂടിവരുന്നതിനുപിന്നിൽ ഒട്ടേറെ ഘടകങ്ങളുണ്ട്‌.  നാടൻ രീതിയിലാണ്‌ കണ്ണപുരം ചൈനാക്ലേ ജങ്‌ഷനിൽ സതീശനും രാമചന്ദ്രനും ഹോട്ടൽ നടത്തുന്നത്‌. മറ്റു  പലഹാരങ്ങളുണ്ടെങ്കിലും വരുന്നവർക്കെല്ലാം അവിൽ ഇസ്‌തിരി മതി. ദൂരദേശങ്ങളിൽനിന്നുള്ളവർപോലും അവിൽ ഇസ്‌തിരി തേടിയെത്താറുണ്ട്‌. അച്ഛൻ പി വി രാഘവനിൽനിന്നാണ്‌ 26 വർഷം മുമ്പ്‌ സതീശനും രാമചന്ദ്രനും ഹോട്ടൽ നടത്തിപ്പ്‌ ഏറ്റെടുത്തത്‌. പെട്ടിക്കടപോലെയായിരുന്നു ആദ്യകാലത്ത്‌. പിന്നീടാണ്‌ റോഡിരികിലെ കെട്ടിടത്തിൽ ഹോട്ടലായി തുടങ്ങിയത്‌. ഇതിനോട്‌ ചേർന്നുള്ള വീട്ടിലായിരുന്നു ഇവരും കുടുംബവും താമസിച്ചിരുന്നത്‌. ഇപ്പോൾ മറ്റൊരു വീടെടുത്ത്‌ താമസം മാറിയെങ്കിലും  കൂടുതൽ സമയവും ഇവിടെത്തന്നെ. 
   പഞ്ചസാരയൊഴിച്ച്‌ മറ്റെല്ലാം നാടനാണ്‌ അവിൽ ഇസ്‌തിരിയിൽ. കണ്ണപുരത്തെ മില്ലിൽനിന്നാണ്‌ അവിൽ വാങ്ങുന്നത്‌. റോബസ്‌റ്റ പഴവും  നാടൻ സംഘടിപ്പിക്കാൻ ശ്രമിക്കാറുണ്ട്‌. കണ്ണപുരം പാൽ സൊസൈറ്റിയിൽനിന്നാണ്‌ പാൽ വാങ്ങുന്നത്‌. രാവിലെ അഞ്ചിനാരംഭിക്കുന്ന ഹോട്ടൽ വൈകിട്ട്‌ 7.30വരെയും ഞായറാഴ്‌ച ഉച്ച വരെയുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top