28 September Tuesday

മൂന്നാംപാലം: ബലപ്പെടുത്തൽ ഉടൻ തുടങ്ങും –- മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

അപകടാവസ്ഥയിലായ മൂന്നാം പാലത്തെ വലിയ തോട് പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു

പെരളശേരി
കണ്ണൂർ–-- കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത്‌ അപകടാവസ്ഥയിലായ  വലിയതോട് പാലം മന്ത്രി മുഹമ്മദ്‌ റിയാസ്‌ സന്ദർശിച്ചു. കരിങ്കൽ തൂണുകളിൽ വിള്ളൽ വന്നതോടെയാണ് പാലം അപകടാവസ്ഥയിലായത്. ബുധനാഴ്ച രാവിലെയാണ്‌  മന്ത്രി  സ്ഥലം സന്ദർശിച്ചത്‌. പാലം ബലപ്പെടുത്തൽ ജോലി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എൻ ചന്ദ്രൻ, എം കെ മുരളി, പി കെ ശബരീഷ്‌ കുമാർ, പി വി ഭാസ്കരൻ, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ വി ഷീബ,  പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. 
പാലത്തിന്റെ തൂണുകളിൽ ഒന്നിന്റെ ഒരുഭാഗം ചൊവ്വാഴ്‌ചയാണ്‌ തകർന്നത്. കല്ലുകൾ ഇളകിയാണ്‌ ബലക്ഷയം. ഇതോടെയാണ് പാലം അപകടാവസ്ഥയിലായത്. ഇത് കണക്കിലെടുത്ത് ബാരിക്കേഡ് സ്ഥാപിച്ച് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇത് വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ചരക്ക് വാഹനങ്ങൾ ചാല -തന്നട - പൊതുവാച്ചേരി - ആർവി മെട്ട റോഡ് വഴി പോകാനാണ്‌ നിർദേശം. പുതിയ പാലം നിർമിക്കുന്നതിന്‌ തുകയനുവദിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാലാണ്‌ വൈകിയത്‌. അടിയന്തരമായി ആവശ്യമായ നടപടിയെടുക്കാൻ മന്ത്രി നിർദേശേം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top