11 December Wednesday
കോന്നി ഉപതെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രചാരണം

ജില്ലാപഞ്ചായത്തിന്റെ ആരോപണം രാഷ്ട്രീയദുഷ്ടലാക്ക് : മന്ത്രി ഐസക്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 പത്തനംതിട്ട 

ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുവിഹിതം സർക്കാർ അടിച്ചുമാറ്റിയെന്ന ആരോപണം രാഷ്ട്രീയദുഷ്ടലാക്ക് വച്ചുള്ള  അസംബന്ധ പ്രചാരണമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. കോന്നി ഉപതെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ആരോപണത്തിന‌് പിന്നിൽ. ഫേയ്‌സ്ബുക് പോസ്റ്റ് ഇപ്രകാരം: രണ്ടു പ്രശ്‌നങ്ങളാണ് വാർത്തയിൽ പറയുന്നത്. ഒന്ന്, ട്രഷറിയിൽ ബില്ലു സമർപ്പിച്ചിട്ടും പണം ലഭ്യമായില്ല. രണ്ട്, ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് 63 കോടി രൂപ തിരിച്ചെടുത്തു. രണ്ടു പ്രശ്‌നങ്ങളും വിശദമായി പരിശോധിച്ചു.
കഴിഞ്ഞ വർഷം വിവിധ വകുപ്പുകളുടെ പദ്ധതികളിൽ 20 ശതമാനം കുറവു വരുത്തി പ്രളയച്ചെലവുകൾക്കുവേണ്ടി നീക്കിവയ്‌ക്കേണ്ടി വന്നപ്പോഴും തദ്ദേശഭരണ പദ്ധതികളിൽ ഒരു വെട്ടിക്കുറവും വരുത്തിയിരുന്നില്ല. മാർച്ച് 31 ന് മുമ്പ് തദ്ദേശഭരണ പദ്ധതിയുടെ 85 ശതമാനം പണവും ട്രഷറിയിൽ നിന്നും നൽകി. ട്രഷറിയിൽ ബില്ല് സമർപ്പിച്ചിട്ടും പണം നൽകാതെ ക്യൂവിൽ ഉണ്ടായിരുന്നത് 837 കോടി രൂപയുടെ ബില്ലുകളാണ്. അതിൽ 808 കോടി രൂപ ട്രഷറിയിൽ നിന്നും ഈ ധനകാര്യ വർഷത്തിൽ മാറി നൽകിയിട്ടുണ്ട്. ബാക്കിയുള്ള 29 കോടി രൂപ ബില്ലുകൾ റീവാലിഡേറ്റ് ചെയ്ത് സമർപ്പിച്ചാൽ ഉടൻ നൽകുന്നതിന് യാതൊരു തടസവുമില്ല. അപ്പോൾ പത്തനംതിട്ട ജില്ലാ പഞ്ചായത്തിനെ തിരഞ്ഞു പിടിച്ച് എന്തോ ചെയ്തുവെന്ന ആരോപണത്തിൽ എന്തു കഴമ്പുണ്ട്? 
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 19.10 കോടി രൂപയുടെ ബില്ലുകളാണ് മാർച്ച് അവസാനം ക്യൂവിലേയ്ക്കു മാറ്റിയത്. അതിൽ 18.65 കോടി രൂപയും ഇതിനകം മാറിയിട്ടുണ്ട്. വെറും 45 ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. നടപടിക്രമം പാലിക്കുന്നതനുസരിച്ച് മാറും. ഇനി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് 63 കോടി രൂപ തിരിച്ചെടുത്തുവെന്ന ആരോപണം. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഈ തുക കുറവുവരുമെന്നും അതുമൂലം പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്നുമൊക്കെയാണ് ആരോപണം. ഇത് ശുദ്ധ അസംബന്ധമാണ്.
 
സ്പിൽ ഓവർ മൂലം ക്യൂവിലേയ്ക്ക് മാറിയത് 19.10 കോടി രൂപയാണെന്ന് പറഞ്ഞുവല്ലോ. ഈ സാമ്പത്തികവർഷം 20 ശതമാനം സ്പിൽ ഓവർ അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും പഞ്ചായത്തിന്റെ ക്യൂവിലേയ്ക്ക് മാറ്റിയ ബില്ലുകളുടെ ആകെത്തുക അനുവദനീയമായ സ്പിൽ ഓവർ തുകയെക്കാൾ കൂടുതലാണെങ്കിൽ, അക്കാര്യം സർക്കാർ പ്രത്യേകം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സ്പിൽ ഓവർ അർഹത 17 കോടി രൂപയാണ്. ബാക്കി രണ്ടു കോടിയാണ് അവശേഷിക്കുന്നത്. ക്യൂവിലുള്ള ബില്ലുകൾ ഈ വർഷത്തെ പദ്ധതി അലോക്കേഷനിൽ നിന്നാണല്ലോ നൽകുന്നത്. നിയമപരമായി അങ്ങനെ കഴിയൂ. ഈ വർഷത്തെ പദ്ധതി ഡിസംബർ മാസത്തിൽ തയാറാക്കി കഴിഞ്ഞതിനാൽ പണം തികയാതെ വരുമെന്നാണ് ആശങ്ക. ഇത് അടിസ്ഥാനരഹിതമാണ്. 20 ശതമാനം അടങ്കൽ വർധിപ്പിച്ചുകൊണ്ട് പദ്ധതി റിവൈസ് ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ക്യൂവിലുണ്ടായിരുന്ന ബില്ലുകളുടെ തുക ഇവിടെ ഉൾപ്പെടുത്തിയാൽ മതി. ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങൾക്കും 20 ശതമാനം വർധന ഇതിനു മതിയാകും. കൂടുതൽ തുകകൾ ക്യൂവിൽ ഉണ്ടായിരുന്ന ജില്ല പഞ്ചായത്ത്, കോർപ്പറേഷനുകൾകളുടെ ക്യാരിഓവർ തുക 30 ശതമാനമാണ്. ഇതുകൊണ്ടും തികയാതെ വന്നാൽ ഇത്തരം കേസുകൾ പ്രത്യേകമായി പരിഗണിക്കാമെന്നും നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു.
സ്പിൽഓവറടക്കം അടുത്ത വർഷത്തേയ്ക്കുവേണ്ടി അധിക തുക അനുവദിക്കണം എന്നാണല്ലോ ആവശ്യം. യുഡിഎഫ് ഭരണസമിതിയാണല്ലോ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്.  യുഡിഎഫിന്റെ ഭരണകാലത്ത് ഏതെങ്കിലും കാലത്ത് സ്പിൽഓവർ പ്രോജക്ടുകൾക്ക് അധിക പണം അനുവദിച്ചിട്ടുണ്ടോ? എൽഡിഎഫ് സർക്കാർ ജനകീയാസൂത്രണകാലത്ത് കൊണ്ടുവന്ന ക്യാരിഓവർ സമ്പ്രദായംപോലും അവർ നിർത്തലാക്കുകയാണ് ചെയ്തത്. ജനകീയാസൂത്രണം തുടങ്ങിയ കാലത്ത് നടപ്പിലാക്കിയ ധനവിന്യാസ സമ്പ്രദായത്തിന് രണ്ട് പ്രത്യേകതകൾ ഉണ്ടായിരുന്നു. ആദ്യത്തേത്, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി പണം നാല് ഗഡുക്കളായി അഡ്വാൻസായി നൽകും. അത് അവരുടെ പ്ലാൻ പിഡി അക്കൗണ്ടിലിട്ട് ആവശ്യാനുസരണം ചെലവഴിക്കുകയാണ് പതിവ്. രണ്ടാമതായി, 20 ശതമാനം ക്യാരിഓവറായി അംഗീകരിക്കപ്പെട്ടു. 80 ശതമാനത്തിൽ താഴെ പണം ചെലവഴിച്ചവർക്ക് ആ കുറവു വന്ന തുക നഷ്ടപ്പെടും. ബാക്കിയുള്ളവ 20 ശതമാനം ക്യാരിഓവറിൽ ഉൾപ്പെടുത്താം. അതായത് 20 ശതമാനം തുകയ്ക്കുള്ള സ്പിൽഓവർ പദ്ധതികൾ അടുത്ത വർഷവും അവർക്ക് തുടർന്ന് നടത്താം.
2003 ൽ യുഡിഎഫ് ഈ സമ്പ്രദായം അവസാനിപ്പിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പണം അഡ്വാൻസായി നൽകുന്നതിനു പകരം മറ്റു ഡിപ്പാർട്ട്‌മെന്റുകൾപോലെ ബില്ലുകൾ സമർപ്പിച്ച് കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പണം പിൻവലിക്കുന്ന സമ്പ്രദായം കൊണ്ടുവന്നു. മാർച്ച് 31 ന് ചെലവാകാത്ത പണം പൂർണമായും ലാപ്‌സാവുകയും ചെയ്യുന്നു. നിലവിൽ അക്കൗണ്ടിലുണ്ടായിരുന്ന 2000 കോടിയോളം രൂപ തിരിച്ചെടുത്തു. സ്പിൽഓവർ പ്രോജക്ടുകൾക്കുള്ള ക്യാരിഓവർ അവസാനിപ്പിക്കുകയും ചെയ്തു. 2006 ൽ വന്ന എൽഡിഎഫ് സർക്കാർ അലോട്ട്‌മെന്റ് സിസ്റ്റം തിരികെ കൊണ്ടുവന്നു. പഞ്ചായത്തുകളുടെ പദ്ധതി മുൻകാലങ്ങളിലെപോലെ മാർച്ച് മാസം കഴിഞ്ഞാൽ സ്പിൽ ഓവർ തുടരുന്നതിനുള്ള അനുമതിയും ക്യാരിഓവർ പണവും അനുവദിച്ചു. തുടർന്നുവന്ന യുഡിഎഫ് സർക്കാർ ആദ്യ മൂന്നു വർഷം നിലവിലെ രീതി തുടർന്നു. 2013/-14 ൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആദ്യം കോടാലി വീണത് തദ്ദേശഭരണ സ്ഥാപനങ്ങളിൻമേലാണ്. അലോട്ട്‌മെന്റ് സമ്പ്രദായം അവസാനിപ്പിച്ച് കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പണം മാറിയെടുക്കുന്ന സമ്പ്രദായം പുനസ്ഥാപിച്ചു. ക്യാരിഓവറും അവസാനിപ്പിച്ചു. പക്ഷെ ബില്ലുകൾ ക്യൂവിൽ വയ്‌ക്കേണ്ട ആവശ്യം വന്നില്ല. കാരണം മറ്റൊന്നുമല്ല. പദ്ധതി ചെലവ് 2014-/15 ൽ 68 ശതമാനവും 2015-/16 ൽ 73 ശതമാനവുമായിരുന്നു. നടപ്പാക്കാതെപോയ സ്പിൽഓവർ പ്രോജക്ടുകൾക്ക് ക്യാരിഓവർ ഇല്ലാത്തതിനാൽ അധികപണവും നൽകപ്പെട്ടില്ല.
എന്നാൽ, ഇപ്പോൾ പദ്ധതി ചെലവ് 2017/-18 ൽ 84 ശതമാനവും 2018/-19 ൽ 85 ശതമാനവുമാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ 837 കോടി രൂപയുടെ ബില്ലുകൾ ക്യൂവിൽ വയ്‌ക്കേണ്ടിവന്നു.  പാസാക്കാനുള്ളതിനേക്കാൾ അധികപണം ക്യാരിഓവറിലൂടെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് യാഥാർഥ്യം. പത്തനംതിട്ട ജില്ലയോട് സർക്കാരിന് ഒരു വിവേചനവുമില്ല. മറ്റെല്ലാ ജില്ലാ പഞ്ചായത്തുകൾക്കുമുള്ള മാനദണ്ഡങ്ങൾ അവർക്കും ബാധകമാണ്. അത്തരത്തിൽത്തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യും- ധനമന്ത്രി വ്യക്തമാക്കി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top