20 February Wednesday

സർക്കാർ ഇടപെടൽ ക്യാമ്പ‌് ഫോളോവർമാർക്ക‌് ശുഭപ്രതീക്ഷ

ആർ ഹണീഷ‌് കുമാർUpdated: Sunday Jun 24, 2018
മലപ്പുറം
‘മേലുദ്യോഗസ്ഥർ പുഴുക്കളെപോലെ കാണുന്ന ഞങ്ങൾ മനുഷ്യരായി പരിഗണിക്കപ്പെടുന്നത‌് എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തുമ്പോൾ മാത്രമാണ‌്. കഴിഞ്ഞതവണ നിയമനം പിഎസ‌്സി വഴിയാക്കാൻ നിർദേശം നൽകിയെങ്കിലും സ‌്പെഷൽ റൂൾ ഇല്ലെന്ന  കാരണത്താൽ നടപ്പാക്കിയില്ല. ക്യാമ്പ‌് ഫോളോവർമാരുടെ നിയമനം പിഎസ‌്സി വഴിയാക്കുമെന്ന‌് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പുതിയ പ്രതീക്ഷയാണ‌് ഞങ്ങളുടെ ജീവിതത്തിലുണ്ടായിരിക്കുന്നത‌്’. പേര‌് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത,  പത്തുവർഷമായി ജോലിചെയ്യുന്ന മലപ്പുറം എംഎസ‌്പിയിലെ ക്യാമ്പ‌് ഫോളോവറുടെ വാക്കുകൾ.
സംസ്ഥാനത്തെ ആയിരത്തിമുന്നൂറോളം ക്യാമ്പ‌് ഫോളോവർമാരാണ‌് ചരിത്രനിമിഷത്തിനായി കാത്തിരിക്കുന്നത‌്. 16,500 മുതൽ 35,500 രൂപവരെ ശമ്പള സ‌്കെയിലും വിവിധ അലവൻസുകളുമായി ലാസ‌്റ്റ‌് ഗ്രേഡ‌് കാറ്റഗറിയെക്കാൾ മാസശമ്പളം ലഭിക്കുന്നുണ്ടെങ്കിലും എക്കാലത്തും അവഗണനയുടെയും ദാസ്യപ്പണിയുടെയും കഥയാണ‌് ഇവർക്കുള്ളത‌്. ബ്രിട്ടീഷ‌് ഇന്ത്യയുടെ കാലത്തുതന്നെ പൊലീസ‌് ക്യാമ്പുകളുടെ അടിസ്ഥാനകാര്യങ്ങൾ നിറവേറ്റാൻ പ്രത്യേകം നിയമിതരായ ഇവർക്ക‌് കാലമേറെ പുരോഗമിച്ചെങ്കിലും ജോലിയുടെ സ്വഭാവത്തിലോ തസ‌്തികയിലോ മാറ്റമുണ്ടായില്ല. കുക്ക‌്, വാട്ടർ കാരിയർ, ദോബി, ബാർബർ, സ്വീപ്പർ വിഭാഗങ്ങളിലായാണ‌് നിയമനം. തുടക്കത്തിൽ പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാത്തവരാണ‌് നിയമിതരായെങ്കിൽ പിന്നീട‌് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ജോലിക്കെത്തി. ക്യാമ്പുകളിലെ മെസുകളിൽ പാചകക്കാരും  അടിച്ചുവൃത്തിയാക്കാൻ സ്വീപ്പർമാരും ഇപ്പോഴുമുണ്ടെങ്കിലും വാട്ടർ കാരിയറും ബാർബറും ദോബിയുമെല്ലാം മറ്റ് ജോലികളിലേക്ക‌് വഴിമാറി. 
തുടക്കത്തിൽ ക്യാമ്പ‌് ഫോളോവർമാരുടെ നിയമനം എംപ്ലോയ‌്മെന്റ‌് എക‌്സ‌്ചേഞ്ചുവഴിയായിരുന്നു.  പിന്നീട‌് ഇതേ മാർഗത്തിൽ താൽക്കാലികമായി നിയമിച്ച‌് സ്ഥിരപ്പെടുത്തുന്ന രീതിയായി. ഇപ്പോൾ ചില ഘട്ടങ്ങളിൽ  ജില്ലയിലെ മുതിർന്ന പൊലീസ‌് ഉദ്യോഗസ്ഥർ നേരിട്ട‌് താൽക്കാലികമായി നിയമിക്കുകയും പിന്നീട‌് സ്ഥിരമാക്കുകയുംചെയ്യുന്നു. ശമ്പളത്തോടൊപ്പം റേഷൻ അലവൻസ‌്, ഡേ അലവൻസ‌്, കുക്ക‌് അലവൻസ‌് എന്നിവയും ലഭിക്കുന്നുണ്ട‌്. നിലവിൽ പത്താംതരം പാസായിട്ടുള്ള ക്യാമ്പ‌് ഫോളോവർമാർക്ക‌് പൊലീസ‌് സേനയിൽ ഒഴിവുണ്ടാകുന്ന ഡ്രൈവർ തസ‌്തികയിലേക്കും നിശ്ചിത ശതമാനം സംവരണവുമുണ്ട‌്.  കഴിഞ്ഞ ദിവസമാണ‌് പൊലീസുകാർക്ക‌് ലഭിക്കുന്നതുപോലെയുള്ള റിസ‌്ക‌് അലവൻസ‌് ഫോളോവർമാർക്കും ലഭിക്കാൻ അർഹതയുണ്ടെന്ന നിർദേശം പുറത്തുവന്നതും 2016 മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിച്ചതും.  
നിയമനം പിഎസ‌്സി വഴിയാകുന്നതോടെ ജോലിയുടെ സ്വഭാവത്തിലും സമയത്തിലും കൃത്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ‌് ഫോളോവർമാർ. ശമ്പള സ‌്കെയിലിൽ വീട്ടുവാടക അലവൻസ‌് ലഭിക്കുന്നുണ്ടെങ്കിലും 24 മണിക്കൂർ ഡ്യൂട്ടിയാണെന്ന അധികൃതരുടെ പിടിവാശി ഇവർക്ക‌് വിനയാകുന്നു. വിവിധ കമ്പനി പൊലീസുകാർ മറ്റ് സ്ഥലങ്ങളിലേക്ക‌് പോകേണ്ട ഘട്ടത്തിൽ ഫോളോവർമാരും ഇവർക്കൊപ്പമുണ്ടാകണമെന്ന നിബന്ധനയും ഉദ്യോഗസ്ഥർ അടിച്ചേൽപ്പിക്കാറുണ്ട‌്. കറുത്ത നാളുകളിലെ ദുരിതത്തിന‌് വിരാമമിട്ട‌് എൽഡിഎഫ‌് സർക്കാർ  നടപ്പാക്കുന്ന സേവന വേതന വ്യവസ്ഥകളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണിവർ. നിയമനത്തിനുവേണ്ട അടിസ്ഥാന യോഗ്യത, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, ജോലിസമയം തുടങ്ങിയവയെല്ലാം പുതിയ നിർദേശങ്ങളിലുണ്ടാകും. 
മലപ്പുറം ജില്ലയിൽ മാത്രം എംഎസ‌്പി ക്യാമ്പ‌്, റിസർവ‌് പൊലീസ‌്  ബറ്റാലിയൻ എന്നിവിടങ്ങളിലായി നിലവിൽ  81 ക്യാമ്പ‌് ഫോളോവർമാർ ജോലിചെയ്യുന്നു. എംഎസ‌്പിയിൽ 60, റിസർവ‌് ക്യാമ്പ‌് 21 എന്നിങ്ങനെയാണിത‌്. എംഎസ‌്പിയിൽ 34 ഒഴിവും നിലവിലുണ്ട‌്. പുതിയ നിർദേശങ്ങൾ പുറത്തിറങ്ങുന്നതോടെ തസ‌്തികകളിലെ പേരിലും കാലോചിതമായ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ‌് ക്യാമ്പ‌് ഫോളോവർമാർ. ദോബിക്കുപകരം അയേൺ മാൻ എന്നും വാട്ടർ കാരിയറിന‌് പകരം വെള്ളം സൂക്ഷിപ്പുകാരൻ എന്നിങ്ങനെയാക്കണമെന്നാണ‌് ആവശ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top