02 July Saturday
സ്‌കൂൾ തുറക്കൽ

ഒരുക്കങ്ങൾ തകൃതി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കണ്ണൂർ

സ്‌കൂൾ തുറക്കുന്നതിനുമുന്നോടിയായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയാകുന്നു.  പുസ്‌തകങ്ങൾ അടക്കമുള്ളവയെല്ലാം കുട്ടികളുടെ കൈകകളിലെത്തിക്കാനാണ്‌ ശ്രമം. പ്രവേശനോത്സവം അവിസ്‌മരണീയമാക്കാനുള്ള ഒരുക്കങ്ങളും ഒപ്പമുണ്ട്‌. ജില്ലാതല പ്രവേശനോത്സവം അരോളി ഗവ. എച്ച്‌എസ്‌എസിൽ നടക്കും. 
പുസ്‌തകങ്ങൾ മുഴുവനായും 31നകം കുട്ടികളുടെ കൈയിലെത്തിക്കാനാണ്‌ ശ്രമം. 25 ലക്ഷത്തോളം പുസ്‌തകങ്ങളാണ്‌ ജില്ലയിൽ ആവശ്യമുള്ളത്‌. ഇതിൽ 20 ലക്ഷത്തോളം പുസ്‌തകങ്ങൾ എത്തിക്കഴിഞ്ഞു. ജില്ലാ ഡിപ്പോയിൽനിന്ന്‌ കുടുംബശ്രീ വഴിയാണ്‌ പുസ്‌തകങ്ങൾ സ്‌കൂളുകളിൽ എത്തിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ പുസ്‌തകവിതരണം തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ വിതരണം പൂർത്തിയാക്കും. ബാക്കിയുള്ള പുസ്‌തകങ്ങളും 31നകം എത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. 
കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ്‌ പരിശോധനയും എൺപത്‌ ശതമാനത്തോളം പൂർത്തിയായി. തദ്ദേശസ്ഥാപനതലത്തിൽ യോഗം ചേർന്ന്‌ ബാക്കിയുള്ള ഫിറ്റ്‌നസ്‌ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുളള നിർദേശം നൽകിയിട്ടുണ്ട്‌. വാഹനപരിശോധനയും  നടക്കുന്നുണ്ട്‌. 
മുതിർന്ന കുട്ടികൾക്കുള്ള വാക്‌സിനേഷനും സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 15, 16, 17 വയസുകാരുടെ വാക്‌സിനേഷൻ ആദ്യ ഡോസ്‌ ജില്ലയിൽ 99.9 ശതമാനം പൂർത്തീകരിച്ചു. സംസ്ഥാനത്തുതന്നെ മികച്ച നിരക്കാണിത്‌. 12,13,14 വയസുകാരുടേത്‌ 31നുമുമ്പ്‌ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. പിഎച്ച്‌സികളും എഫ്‌എച്ച്‌സികളും സ്‌കൂളുകളുമായി സഹകരിച്ച്‌ സ്‌കൂളുകളിൽതന്നെ ക്യാമ്പ്‌ നടത്തി വാക്‌സിനേഷൻ പൂർത്തിയാക്കും.
സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 
നാളെ മുതൽ
തളിപറമ്പ്‌
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും. ബുധൻ രാവിലെ 10  മുതൽ ശ്രീകണ്‌ഠപുരം- മേരിഗിരി പബ്ലിക് സ്‌കൂൾ, ആലക്കോട് -അരങ്ങം ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളിലും വ്യാഴം രാവിലെ പത്ത്‌ മുതൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ടെസ്റ്റിങ് ഗ്രൗണ്ടിലുമാണ് പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top