തൃശൂർ
വീണ്ടും കൃഷിയാരവങ്ങൾ ഉയരുകയാണ്. കൃഷിപ്പണിക്ക് ആളെ കിട്ടാൻ നെട്ടൊട്ടമോടേണ്ട. മറ്റത്തൂരിന്റെ മൺസൂൺ ആർമി തയ്യാർ. മറ്റത്തൂർ ലേബർ സഹകരണ സംഘമാണ് കാർഷിക സേനയുമായി രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിക്കും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പുതുക്കാട് മണ്ഡലത്തിൽ നടപ്പാക്കുന്ന ജൈവ വൈവിധ്യ ഉദ്യാന പദ്ധതിക്കും സേനയെ ഉപയോഗപ്പെടുത്തും.
കാർഷിക വൃത്തിയിൽ പരിചയ സമ്പന്നരായ തൊഴിലാളികളെ അണിനിരത്തിയാണ് സേനയ്ക്ക് തുടക്കം. നിർമാണ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘത്തിൽ 124 സ്ത്രീ–-പുരുഷ തൊഴിലാളികളുണ്ട്. മറ്റത്തൂർ ഗ്രാമവാസികളാണ് ഭൂരിഭാഗവും. ഇവരിൽ 45 പേരാണ് ആദ്യഘട്ടത്തിൽ കൃഷിപ്പണികൾക്ക് സന്നദ്ധരായത്.
മൺസൂൺ കാലത്ത് മാത്രമാണ് സേവനം. അത് കഴിഞ്ഞാൽ നിർമാണ പണികൾക്കായി പോകും. വർഷത്തിൽ 200 ദിവസം വരെ ഈ തൊഴിലാളികൾക്ക് നിർമ്മാണ മേഖലയിൽ സംഘം തൊഴിൽ നൽകുന്നുണ്ട്. കാർഷിക തൊഴിലാളികൾക്കായി മൂന്നുദിവസം മുമ്പ് ബുക്ക് ചെയ്യണം. ഓൺലൈൻ വഴിയും ബുക്കിങ്ങിനും പണം അടക്കാനുമുള്ള സൗകര്യമുണ്ട്. 750 രൂപ മുതൽ 800 രൂപ വരെയാണ് കൂലി. ദൂരസ്ഥലങ്ങളിലേക്ക് വാഹനചെലവും നൽകണം.
തൊഴിലാളികൾക്ക് സംഘം ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് സി വി രവി പറഞ്ഞു. 26 മുതൽ സേവനം ലഭ്യമാകുമെന്ന് സെക്രട്ടറി കെ പി പ്രശാന്ത് പറഞ്ഞു. 7902966669 എന്ന നമ്പറിൽ ബുക്ക് ചെയ്യാം. പദ്ധതി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലോഗോയും പ്രകാശനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..