04 June Sunday
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ബജറ്റ്‌

കേരളത്തെ ആദ്യ സമ്പൂര്‍ണ 
ബിരുദ സംസ്ഥാനമാക്കും

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023–-24 സാമ്പത്തികവർഷത്തെ ബജറ്റ്‌ സിൻഡിക്കറ്റ് അംഗം 
ബിജു കെ മാത്യൂ അവതരിപ്പിക്കുന്നു

കൊല്ലം
കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ ബിരുദസംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബജറ്റ്‌. പ്ലസ്‌ ടു, പ്രീ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ 60 വയസ്സിനു താഴെയുള്ള എല്ലാവരെയും തദ്ദേശസ്ഥാപനം, കുടുംബശ്രീ മിഷൻ, സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണത്തോടെ സന്നദ്ധ പ്രവർത്തകരുടെ സേവനം സ്വീകരിച്ച് സർവേ നടത്തി കണ്ടെത്തും. ഇവരെ അഞ്ചുവർഷംകൊണ്ട് ബിരുദധാരികളാക്കി മാറ്റും.
2023–-24 സാമ്പത്തികവർഷം 95.41 കോടി രൂപ വരവും 101.37 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് അംഗവും ഫിനാൻസ് സ്ഥിരംസമിതി കൺവീനറുമായ ബിജു കെ മാത്യൂ അവതരിപ്പിച്ചു. വൈസ് ചാൻസലർ ‍പി എം മുബാറക്‌ പാഷ അധ്യക്ഷനായി. പ്രൊ വൈസ് ചാൻസലർ എസ് വി സുധീർ, സിൻഡിക്കറ്റ് അംഗങ്ങളായ കെ ശ്രീവത്സൻ, എം ജയപ്രകാശ്, എ നിസാമുദീൻ കായിക്കര, ടി എം വിജയൻ, എ പസിലത്തിൽ, സി ഉദയകല, ‍‍രജിസ്ട്രാർ ഡിമ്പി വി ദിവാകരൻ, ഫിനാൻസ് ഓഫീസർ എം എസ്‌ ശരണ്യ എന്നിവർ പങ്കെടുത്തു. ബജറ്റ്‌ യോഗം അംഗീകരിച്ചു.
സമ്പൂർണ ഡിജിറ്റൽ 
സാക്ഷരത
തദ്ദേശഭരണ സ്ഥാപനങ്ങൾ, കില, കുടുംബശ്രീ മിഷൻ, സാക്ഷരതാ മിഷൻ എന്നിവയുമായി ചേർന്ന് വിപുലമായ പദ്ധതി തയ്യാറാക്കി കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റും. ഇതിനായി 10.5 കോടി രൂപ വകയിരുത്തി. ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്ന ചരിത്രപരമായ ചുമതലയാണ്‌ സർവകലാശാല ഏറ്റെടുക്കുന്നത്‌. 
നൈപുണ്യ വികസന 
കോഴ്സ്‌
കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ പുതിയ നാൾവഴികളിൽ നാനോ എന്റർപ്രണർഷിപ്പിനുള്ള സാധ്യത ബജറ്റ്‌ ചൂണ്ടിക്കാണിക്കുന്നു. സർവകലാശാല സൂക്ഷ്മസംരംഭങ്ങൾ‌ എന്ന പാഠ്യവിഷയം ബിരുദതലത്തിൽ ഈവർഷം നടപ്പാക്കും. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് അഭിരുചിക്കനുസരിച്ച് പ്രായോഗിക പരിശീലനം അസാപ് കേരള, കെ ഡിസ്ക് എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കും. കിലയുടെയും ജില്ലാ പഞ്ചായത്തിന്റെയും പിന്തുണയോടെ പദ്ധതി നടപ്പാക്കും. 2024 ജനുവരിയിൽ യുജിസി അംഗീകാരത്തോടെ കോഴ്സ് നടപ്പാക്കും. 
ആസ്ഥാനമന്ദിര നിർമാണം
സർവകലാശാല ആസ്ഥാനമന്ദിര നിർമാണത്തിനായി കൊല്ലം നഗരത്തിൽ 10 ഏക്കർ സ്ഥലം ലഭ്യമാക്കാനുള്ള നടപടി സർക്കാർ തലത്തിൽ പുരോഗമിക്കവെ ബജറ്റിൽ 30 കോടി രൂപ വകയിരുത്തി. അക്കാദമിക് ബ്ലോക്കിനായി കൂടുതൽ സ്ഥലം ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്കിൽ ക്രമീകരിക്കുന്ന ലൈബ്രറിക്ക്‌ 1.2കോടി രൂപ, കംപ്യൂട്ടർ സെന്ററിന് 40 ലക്ഷം രൂപ, വെർച്ച്വൽ സ്റ്റുഡിയോ പ്രൊഡക്‌ഷന് 50 ലക്ഷം രൂപ, റിപ്രോഗ്രാഫിക് സെന്ററിനായി 50 ലക്ഷം രൂപ, സൈബർ‍ സെന്ററിന്റെ വിപുലീകരണത്തിനായി 1.49 കോടി രൂപ, അക്കാദമിക്‌ ബ്ലോക്കിന്റെ കംപ്യൂട്ടർവൽക്കരണത്തിന്‌ 20 ലക്ഷം രൂപ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ കംപ്യൂട്ടർവൽക്കരണത്തിന്‌ 20 ലക്ഷം രൂപ, തലശേരി ഗവ. ബ്രണ്ണൻ കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, എസ്എൻജിഎസ് കോളേജ് പട്ടാമ്പി, തൃപ്പൂണിത്തുറ ഗവ. കോളേജ് എന്നീ പ്രാദേശിക കേന്ദ്രങ്ങളുടെ വികസനത്തിന്‌ 3.24 കോടി രൂപയും വകയിരുത്തി. 
24 പഠനകേന്ദ്രം കൂടി
പഠിതാക്കൾക്ക് കൗൺസലിങ്‌ ഉൾപ്പെടെ സേവനങ്ങൾ നൽകുന്നതിന്‌ 24 പഠനകേന്ദ്രംകൂടി ഈ വർഷം തുടങ്ങും. സർക്കാർ കോളേജുകൾക്കു പുറമേ ഓട്ടോണമസ് കോളേജുകൾ, സ്വകാര്യ കോളേജുകൾ ഉൾപ്പെടെ 14 ജില്ലയിലായി നിലവിൽ 14 പഠനകേന്ദ്രമുണ്ട്‌. ആകെ 38 പഠനകേന്ദ്രത്തിനായി 3.58 കോടി രൂപ ബജറ്റിൽ വകയിരുത്തി.
വിദ്യാർ‍ഥികൾക്കായി അതിനൂതനമായ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറായ‍ ടോട്ടൽ ഡിജിറ്റൽ സൊലൂഷൻ ഫോർ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കായി 1.60 കോടി രൂപ വകയിരുത്തി. ശ്രീനാരായണഗുരു ഇന്റർനാഷണൽ സെമിനാറിന്‌ അഞ്ചുലക്ഷം രൂപ, തൊഴിലധിഷ്ഠിത മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിന്‌ അഞ്ചുലക്ഷം രൂപ, വിദ്യാർഥിസൗഹൃദ പദ്ധതികളായ സ്റ്റുഡൻസ് സർവീസസ് ഡിപ്പാർട്ട്മെന്റ്‌, സോഷ്യൽ സർവീസ് ഫോറം, സ്കോളർഷിപ്പ് പദ്ധതികൾ, സ്റ്റുഡന്റ്‌ വെൽഫയർ ഫണ്ട്, സർവകലാശാല കലോത്സവം, സർവകലാശാല സ്പോർട്സ് മീറ്റ്, പേഴ്സണൽ കൗൺസലിങ്‌ യൂണിറ്റ്,  ഇന്റേണൽ കംപ്ലയിന്റ് സെൽ എന്നിവയ്ക്കായി 2.52 കോടി രൂപയും ഇന്റേണൽ ക്വാളിറ്റി അഷുറൻസ്‌ കേന്ദ്രത്തിന്‌ 14ലക്ഷം രൂപയും വകയിരുത്തി.
കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികൾ നടത്തുന്ന വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ തുടങ്ങും. അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ആന്ത്രോപോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഡിഗ്രി പ്രോഗ്രാമുകളും അറബിക്, ഹിന്ദി, സംസ്കൃതം, പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, ഇക്കണോമിക്സ്, ഫിലോസഫി, പബ്ലിക് അ‍ഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പിജി പ്രോഗ്രാമുകളും എംഎ എ‍ഡ്യൂക്കേഷനും ഈവർഷം തന്നെ അപേക്ഷ സമർപ്പിച്ച് അംഗീകാരം നേടിയെടുക്കും. അതിനായി 75 അധ്യാപക–- അനധ്യാപക തസ്തിക സർക്കാർ അംഗീകാരത്തോടെ സൃഷ്ടിച്ച് നിയമനം നടത്തും. ഇതിനായി മൂന്നുകോടി രൂപ നീക്കിവച്ചു. 
പരീക്ഷാവിഭാഗം
സർവകലാശാലയുടെ പരീക്ഷകൾ ആധുനിക സാങ്കേതിക മികവോടെ നടത്തുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2.83കോടി രൂപ വകയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top