26 May Tuesday

മണ്ണെടുപ്പുകാർ തമ്മിൽ സംഘർഷം: 5 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

അറസ്റ്റിലായ പ്രതികൾ

എഴുകോൺ
പുത്തൂർ തേവലപ്പുറം പൈപ്പിൻകരയിൽ മണ്ണെടുപ്പുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക്‌ പരിക്കേറ്റു. സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപേരെ കൊടതി റിമാൻഡ്‌ ചെയ്‌തു. പോരുവഴി സ്വദേശികളായ രാജേഷ് ഭവനിൽ രാജേഷ് (27), വടക്കേമുറി അനു ഭവനിൽ അനു (23), അനീഷ് ഭവനിൽ അനൂപ് (23), കന്നിമേലഴികത്തു കിഴക്കേപ്പുറം വീട്ടിൽ സുബിൻ (23), വടക്കേമുറി പുളിമൂട്ടിൽവീട്ടിൽ അനീഷ്‌ (28)എന്നിവരാണ് പുത്തൂർ പൊലീസിന്റെ പിടിയിലായത്. 
നെടുവത്തൂർ ട്രാവൻകൂർ ട്രാൻസ്പോർട്ടേഴ്സിലെ സൂപ്പർവൈസർ പാരിപ്പള്ളി സ്വദേശി ശ്രീക്കുട്ടൻ, ജെസിബി ഓപ്പറേറ്റർ കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി അമീർജാൻ, ഖനന സ്ഥലത്തിനു സമീപം താമസിക്കുന്ന പൈപ്പിൻകര ഗോകുൽ ഭവനിൽ ചന്ദ്രബാബു, ഹരിദാസ് ഭവനിൽ ഹരിദാസ് എന്നിവർക്കാണ് പരിക്കേറ്റത്. 
ട്രാവൻകൂർ ട്രാൻസ്പോർട്ടേഴ്സിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി പ്രദേശത്ത് മണ്ണ് ഖനനം നടക്കുന്നുണ്ടായിരുന്നു. ഒരു പാസ് ഉപയോഗിച്ച് ഒന്നിൽക്കൂടുതൽ ലോഡ് മണ്ണുകടത്താൻ അനുവദിക്കാത്തതിനെ ചൊല്ലി മറ്റു മണ്ണെടുപ്പുകാരുമായി തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച ശ്രീക്കുട്ടനും പ്രതികളിൽ ചിലരുമായി തർക്കം നടന്നു. 
ഇതിൽ പ്രകോപിതതരായ പ്രതികൾ സംഘംചേർന്ന് കാറിലും ബൈക്കുകളിലും എത്തി ശ്രീക്കുട്ടനെ  കമ്പിവടികൊണ്ടു തലയ്ക്ക് അടിച്ചുവീഴ്‌ത്തി മർദിച്ചു. സമീപമുള്ള ചന്ദ്രബാബുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയാണ്‌ ശ്രീക്കുട്ടൻ രക്ഷപ്പെട്ടത്‌. തുടർന്ന് സംഘം  വീട് ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികളും മറ്റും അടിച്ചു തകർക്കുകയും ചെയ്തു. 
ചന്ദ്രബാബുവിനെയും അയൽവാസി ഹരിദാസിനെയും സംഘം മർദിച്ചു. ദീർഘനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമിസംഘം മടങ്ങിയത്. സംഘർഷത്തിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. പുത്തൂർ സിഐ ശൈലേഷ് കുമാർ, എസ്ഐ നിസാറുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കർഷകസംഘം തേവലപ്പുറം വില്ലേജ് ട്രഷററാണ് ചന്ദ്രബാബു. സംഘർഷത്തെ തുടർന്ന് സിപിഐ എം പ്രവർത്തകർ മണ്ണ് ഖനന പ്രദേശത്ത് കൊടിനാട്ടി. മണ്ണ് ഖനനം നിർത്തിവയ്ക്കാൻ റൂറൽ എസ്പി നിർദേശം നൽകി.അറസ്റ്റിലായ പ്രതികളെ റിമാൻഡ്‌ ചെയ്‌തു.
പ്രധാന വാർത്തകൾ
 Top