03 June Wednesday

ഭാര്യാപിതാവിനെ വെട്ടിക്കൊന്നയാൾക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

പ്രതി സന്തോഷ്

മാവേലിക്കര
ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും. നൂറനാട് ഇടക്കുന്നം ചരൂർ സന്തോഷ്‌കുമാറിനെ (46)യാണ് ശിക്ഷിച്ചത്. കെട്ടിട നിർമാണ തൊഴിലാളി നൂറനാട് നടുവിലേമുറി രമ്യാലയത്തിൽ രാജൻ കുറുപ്പിനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്‌ട്‌ സെഷൻസ് ജഡ്‌ജ്‌ കെന്നത്ത് ജോർജാണ്‌ വിധി പറഞ്ഞത്‌. 
 2011 നവംബർ രണ്ടിന് രാത്രി 8.15ന് പടനിലം മുതുകാട്ടുകര ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന ഭാര്യ രമ്യയെ രാവിലെ സന്തോഷ് വീട്ടിലെത്തി അക്രമിച്ചു. 
വിവരം അറിഞ്ഞെത്തിയ അച്ഛൻ രമ്യയെ ആശുപത്രിയിൽ എത്തിച്ചു. വിവരങ്ങൾ തിരക്കാൻ സുഹ‌ൃത്തുക്കൾക്കൊപ്പം സന്തോഷ് താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും കാണാനായില്ല. 
ഇവർ  മടങ്ങവേ ഓട്ടോയിൽ എത്തിയ സന്തോഷ് രാജനെ വെട്ടുകത്തിയുമായി ആക്രമിച്ചു. മുതുകാട്ടുകര ക്ഷേത്രത്തിന് സമീപം റോഡിൽ വീണുകിടന്ന രാജൻ കുറുപ്പിനെ രക്ഷിക്കാനെത്തിയ സുഹ‌ൃത്തുക്കളെ സന്തോഷ് വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തി. നൂറനാട് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും കൂടെയുള്ളവരെ ഭീഷണിപ്പെടുത്തിയതിന് ഒരുവർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതി. 
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ഇ നാസറുദീൻ, എസ് സോളമൻ, പി സന്തോഷ് എന്നിവർ ഹാജരായി.
പ്രധാന വാർത്തകൾ
 Top