26 May Tuesday
ഹോട്ടലുകളില്‍ പൊതി

വാഹനങ്ങൾക്ക് അതിർത്തിയിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കൽപ്പറ്റ
കോവിഡ്‌ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം . ഹോട്ടലുകളിൽനിന്ന് പരമാവധി ഭക്ഷണപൊതികൾ നൽകണം. ഭക്ഷണം പൊതിയാൻ പ്ലാസ്റ്റിക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഹോട്ടലുകൾ പൂർണമായും അടച്ചിടുന്ന പ്രവണത ഒഴിവാക്കാൻ ഒരോദിവസം  ഇടവിട്ട് തുറക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കാൻ തദേശസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി. റിസോർട്ടുകളിലും ഹോട്ടലുകളിലും പുതിയ താമസക്കാരെ അനുവദിക്കരുതെന്ന് റിസോർട്ട് ഹോട്ടൽ ഉടമസ്ഥർക്ക് നിർദേശം നൽകി. വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലുമായി നിലവിൽ താമസിക്കുന്ന ഇതരജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെ അതത് പ്രദേശങ്ങളിലേക്ക് തിരിച്ച് അയക്കണം. ഇതിനായി  അതിർത്തി വരെ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്‌സികളുടെ സേവനം തേടാം. മറ്റു ജില്ലകളിൽനിന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം  നിരീക്ഷണത്തിൽ കഴിയുന്നവർ ജില്ലയിലെ വിവിധ റിസോർട്ടുകളിലായി താമസിക്കാനെത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 
     കുടക്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് ജില്ലയിൽനിന്നുള്ള വാഹനങ്ങൾ കർശനമായി നിരോധിച്ച സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് എത്തുന്നവർക്ക് അതിർത്തി വരെ മാത്രമാണ് വാഹന സംവിധാനം ലഭ്യമാകുന്നത്. അതിർത്തിയിൽനിന്ന് ഇത്തരത്തിൽ എത്തുന്ന യാത്രക്കാരെ  വീടുകളിൽ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങളുടെ സേവനം ആവശ്യപ്പെട്ടു. ഇങ്ങനെ എത്തുന്നവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ബോധവൽക്കരണം നൽകും.  ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന മോട്ടോർ വാഹന സംഘടനകളുടെയും സംരംഭകരുടെയും യോഗത്തിലാണ് തീരുമാനം.
പ്രധാന വാർത്തകൾ
 Top