05 April Sunday

കുന്നിയോടിനുണ്ട്‌ കുന്നോളം കുട്ടിമനസ്സ്‌

സ്വന്തം ലേഖകൻUpdated: Monday Feb 24, 2020
 
പാറശാല -
അധ്യാപകവൃത്തിയിൽനിന്ന്‌ വിരമിച്ചെങ്കിലും ‘കുട്ടി ’എഴുത്തിൽനിന്ന്‌ വിരമിക്കാൻ കുന്നിയോട് രാമചന്ദ്രനാകില്ല. കുട്ടിക്കവിതകൾ രചിച്ചും സ്‌കൂളുകളിൽ കവിത ചൊല്ലിയും സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമാണ് കുന്നിയോട്‌ മാഷ്‌. അഞ്ചുവർഷം മുമ്പാണ്‌ സർവീസിൽനിന്ന്‌ വിരമിച്ചത്‌.
1980 ൽ കാസർകോട്‌ മംഗൽപാറ സർക്കാർ സ്കൂളിലായിരുന്നു ആദ്യ നിയമനം. പിന്നീട്  ശ്രീകണ്ഠപുരത്തും നെടുങ്ങോം സ്കൂളിലും  കൊക്കാംതോട്ടിലും മാങ്കോട്ടും ജോലിനോക്കി. സംസ്‌കാരിക രംഗത്തും സംഘടനാ രംഗത്തും കർമനിരതനായി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനെന്ന വിശേഷണത്തിനൊപ്പം നല്ലൊരു അധ്യാപക സംഘടനാ നേതാവ് കൂടിയായി. 2000 ൽ പൊഴിയൂരിൽ അധ്യാപകനായി 15 വർഷം. ഇ തേ സ്കൂളിൽ പ്രധാനാധ്യാപകനുമായി. പിന്നാലെ സർവീസിൽ നിന്ന് പടിയിറക്കം.
രാമചന്ദ്രനിൽ എഴുത്തിന്റെയും വായനയുടെയും വിത്ത് പാകിയത് വീടിന്‌ സമീപത്തെ കാരോട് പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങളായിരുന്നു. കേശവദേവും എംടിയും മുട്ടത്തുവർക്കിയും ഇഷ്ടപ്പെട്ട എഴുത്തുകാരായി. ഭാഷ കൈവശമാക്കിയതോടെ എഴുതാൻ തുടങ്ങി. സ്വന്തം കവിതകൾ താളാത്മകമായി വായിച്ചും കുട്ടികൾക്കൊപ്പം ചേർന്ന് പാടിയും അവരുടെ മനസ്സിൽ ഇടം പിടിച്ചു. കവിതാ സമാഹാരമായ കടലറുതികൾ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ്തത് ഏറെ ഭാഗ്യമായികരുതുന്നുവെന്ന് മാഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാറശാല ഇവാൻസ് യുപിഎസിലെ കുട്ടികൾ കാരോട് കുന്നിയോടുള്ള 'ചോതി' എന്ന വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു. പ്രധാനാധ്യാപിക പി ജെ ഉഷ, ബിആർസി പരിശീലകൻ എ എസ് മൻസൂർ, എസ് ജയചന്ദ്രൻ, പി ആർ  ജെയിൻ, വി പി വിപിൻ, പി ഗിരി പ്രകാശ്, നജീബ് സാദിക്, ആർ വിജില, എം കല, ബിന്ദു, രതിസനൽ,  സുചിത്ര എന്നിവരും ഒപ്പമുണ്ടായി.
 
പ്രധാന വാർത്തകൾ
 Top