26 March Tuesday
ഗദ്ദിക

കേരള സർക്കാർ ദുർബലവിഭാഗങ്ങൾക്കായി നടപ്പാക്കുന്നത‌് മാതൃകാ പദ്ധതികൾ: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019
ആറ്റിങ്ങൽ > കേരള സർക്കാർ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കുമായി മാതൃകാപരമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന‌് ഗവർണർ പി സദാശിവം. ഒരു ആദിവാസി കുടുംബത്തിൽ ഒരു ജോലി എന്ന സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ മാമം മൈതാനിയിൽ പട്ടികജാതി, -പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച  “ഗദ്ദിക-’  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിക്ക് മുന്നോടിയായി വർണശബളമായ സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി. പട്ടിക ജാതി പട്ടിക വർഗ ക്ഷേമ  മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.
 
പട്ടിക ജാതി‌, പട്ടിക വർഗ വികസനവകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹ സ്വാഗതവും‌, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം പ്രദീപ് നന്ദിയും പറഞ്ഞു.  ബി സത്യൻ എംഎൽഎ, വാർഡ് കൗൺസിലർ പ്രിൻസ് രാജ്, പട്ടിക ജാതി,- പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി പുഗഴേന്തി എന്നിവർ സംസാരിച്ചു. തുടർന്ന്, മാനന്തവാടി പി കെ കാളൻ ഗോത്രകലാസമിതി അവതരിപ്പിച്ച “ഗദ്ദിക’ അരങ്ങേറി.  കൊയിലാണ്ടി നാരായണൻ അവതരിപ്പിച്ച “ കണ്ഠകർണൻ തെയ്യം’ , സുൽത്താൻ ബത്തേരി തുടിതാളം നാടൻ കലാസംഘം അവതരിപ്പിച്ച നാടൻപാട്ടുകളും അരങ്ങേറി. ഞായറാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം കവി പ്രൊഫ. വി മധുസൂദനൻനായർ ഉദ്ഘാടനംചെയ്യും. തുടർന്ന്, ഇടുക്കി ഗുമ്മിട്ടാംകുഴി ഹിൽപ്പുലയ കലാ സമിതി അവതരിപ്പിക്കുന്ന “ ആട്ടം’, കുമാരനെല്ലൂർ ഒ എം പ്രസാദ് അവതരിപ്പിക്കുന്ന “ പൂതൻ ചിറ’, കേരള ലളിതകലാ അക്കാദമി ഓച്ചിറ നാടകരംഗം അവതരിപ്പിക്കുന്ന നാടകം “ ഇവൻ നായിക’ എന്നിവ അരങ്ങേറും.
 
പ്രധാന വാർത്തകൾ
 Top