26 March Tuesday
പള്ളിവളപ്പിലെ കത്തിക്കരിഞ്ഞ ജഡം

മ‍ൃതദേഹം സവിന്റേത‌് തന്നെ

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019
കിളിമാനൂർ
നാവായിക്കുളം വലിയപള്ളി മുസ്ലിം ജമാ അത്തെ കബർസ്ഥാനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മ‍ൃതദേഹം പൊലീസ് തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. കീഴാറ്റിങ്ങൽ വില്ലേജിൽ തിനവിള ചരുവിള പുത്തൻവീട്ടിൽനിന്ന‌് നാവായിക്കുളം ക്ഷേത്രത്തിന് സമീപം രശ്മി ഭവനിൽ വാടകയ‌്ക്ക് താമസിക്കുന്ന സവിൻ സാബു (24)വിന്റെ മൃതദേഹമാണ് പള്ളി കബർസ്ഥാനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് കല്ലമ്പലം എസ‌്ഐ പി അഭിലാഷ് അറിയിച്ചു. സവിൻ സാബുവിന്റെ മരണത്തിന് പിന്നിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും കുടുംബപ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യയാവാമെന്നാണ് പൊലീസ് പറയുന്നത്.  ജനുവരി  8ന് പകൽ പതിനൊന്നരയോടെ കബർസ്ഥാനിൽ അസ്വാഭാവികമായി തീയും പുകയും ദുർ​ഗന്ധവും ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മ‍ൃതദേഹം കണ്ടെത്തിയത്.
 
പള്ളിവളപ്പിൽ ദുരൂഹസാഹചര്യത്തിൽ മ‍ൃതദേഹം കണ്ടെത്തിയതോടെ സംഭവത്തെ ചുറ്റി പറ്റി പല പ്രചാരണങ്ങളും നാട്ടിൽ ആരംഭിച്ചു. കൊലപാതകത്തിന് ശേഷം കത്തിച്ചുകളഞ്ഞതാകാമെന്നായിരുന്നു ആദ്യ നിഗമനം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മരിച്ചത് ആരെന്ന് കണ്ടെത്താൻ പൊലീസിന് ആകാതെ വന്നതോടെ സംഭവത്തിന്റെ ദുരൂഹതയേറി. അതേസമയം മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ വിദേശത്തുനിന്ന് നാട്ടിലെത്തിയ സവിൻ സാബുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സവിന്റെതാണോ എന്ന് ഉറപ്പിക്കാൻ ഭാര്യ അടക്കമുള്ള ബന്ധുക്കളെ മൃതദേഹേം കാട്ടിയെങ്കിലും അവർ മൃതദേഹം സവിന്റെതല്ലയെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ വിഷയം പൊലീസിന് ഊരാക്കുടുക്കായി. എന്നാൽ, കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം സവിന്റെതാണ് എന്ന് ഉറപ്പിച്ച് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോയത്. ഇതിന് തെളിവായി പൊലീസ് പറയുന്നത് സവിൻ കാണാതാകുന്ന ദിവസം സമീപത്തെ മെഡിക്കൽ സ്റ്റോറിലും മറ്റ് പരിചയക്കാരോടുമൊക്കെ തനിക്ക് ജീവിതം മടുത്തതായും കുടുംബ പ്രശ്നങ്ങൾ കാരണം ജീവിതം മുന്നോട്ടുകൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും പറഞ്ഞിരുന്നു. ഇത് സമർഥിക്കുന്ന സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ‌്. 
 
 
ശാസ്ത്രീയ പരിശോധനകളും ഈ നി​ഗമനം ശരിവയ‌്ക്കുന്നുണ്ട്. സവിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ ആയിരുന്നുള്ളു, തുടർന്ന് സവിൻ വിദേശത്തേക്ക് പോയി. നാട്ടിലുള്ള ഭാര്യയുമായും ബന്ധുക്കളുമായും സ്വരച്ചേർച്ചയിലല്ലായിരുന്നുവെന്നും  ഇതാണ‌് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ‌് ലഭിക്കുന്ന സൂചന. എന്നാൽ, സവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top