19 March Tuesday
1000 ദിനാഘോഷ പ്രദർശനം

സ്ത്രീകളെ സ്വയരക്ഷാ അഭ്യാസമുറകള്‍ പരിശീലിപ്പിച്ച്‌ പൊലീസ്‌

സ്വന്തം ലേഖകൻUpdated: Sunday Feb 24, 2019

തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഡിയത്തിലെ പൊലീസ‌് സ‌്റ്റാളിൽ സന്ദർശകരായ സ‌്ത്രീകൾക്ക‌് സിവിൽ പൊലീസ‌് ഓഫീസർമാരായ അനീസ‌്ബാൻ, ആനി വർഗീസ‌് എന്നിവർ സ്വയരക്ഷാ അഭ്യാസമുറകള്‍ പരിശീലിപ്പിക്കുന്നു

തിരുവനന്തപുരം
മാലപൊട്ടിക്കാൻ വരുന്ന കള്ളനെ നേരിടേണ്ടതെങ്ങനെ, ബാഗ‌് തട്ടിപ്പറിക്കാൻ വരുമ്പോൾ എങ്ങനെ ചെറുക്കാം, ഒറ്റയ‌്ക്ക‌് നടക്കുമ്പോൾ ഉപദ്രവിക്കാൻ വരുന്നവരെ  കൈകാര്യം ചെയ്യേണ്ടതെങ്ങനെ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരിൽ നിന്നെങ്ങനെ രക്ഷപ്പെടാം ഇവയൊക്കെ അറിയണമെന്നുണ്ടോ? എങ്കിൽ എൽഡിഎഫ‌് സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ‌്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള പ്രദർശന സ‌്റ്റാളുകളിലെ പൊലീസ‌് പവലിയനിലേക്കുവരൂ. നർക്കോട്ടിക‌് സെല്ലിലെ എ അനീസ‌്ബാൻ, വി ജെ അതുല്യ, റൂറൽ വനിതാ സെല്ലിലെ ബിജിലേഖ, വിളപ്പിൽശാല സ‌്റ്റേഷനിലെ ആനി വർഗീസ‌് എന്നീ സിവിൽ പൊലീസ‌് ഓഫീസർമാർ ഏതുപ്രായത്തിലുള്ള സ‌്ത്രീകൾക്കും സ്വയംരക്ഷയുടെ പാഠങ്ങളെല്ലാം പഠിപ്പിച്ചു തരും. 
 
സ്വയം പ്രതിരോധവിദ്യകൾ പഠിക്കുന്നത‌് സ‌്ത്രീകളുടെ അന്തസും ആത‌്മവിശ്വാസവും നിലനിർത്താൻ എങ്ങനെ സഹായിക്കുമെന്ന‌് കാണിച്ചു തരും. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ‌്ചലമാക്കാനും സഹായിക്കുന്ന പ്രതിരോധ ചുവടുകളാണ‌് പ്രദർശന നഗരിയിലെത്തുന്ന സ‌്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വിശ്രമമില്ലാതെ വനിതാ പൊലീസ‌് ഓഫീസർമാർ അവതരിപ്പിക്കുന്നത‌്. സ്ത്രീ സുരക്ഷ ആപ്പുകൾ പരിചയപ്പെടാനും ഉപയോഗക്രമങ്ങൾ പഠിക്കാനും പറ്റും. പൊലീസ‌് വകുപ്പിന്റെ സ്റ്റാളിൽ പഴയകാല ആയുധങ്ങളും ഉപകരണങ്ങളും ഒപ്പം അത്യാധുനിക സംവിധാനങ്ങളും കാണാനാകും. പഴയതും പുതിയതുമായ തോക്കുകൾ, വെടിയുണ്ടകൾ, ടിയർഗ്യാസ്, ടിയർ സ്‌മോക്ക് ഉപകരണങ്ങൾ എന്നിവ അടുത്തുകാണാനും അറിയാനും അവസരമുണ്ട്.
 
കുതിര പൊലീസിന്റെയും പഴയകാല പൊലീസുകാരുടെയും കമാൻഡോകളുടെയും യൂണിഫോമുകൾ, തുകൽ ഉൽപ്പന്നങ്ങൾ, സബ് ഇൻസ്‌പെക്ടറുടെ ടൂണിക് യൂണിഫോം, ആശയ വിനിമയങ്ങൾക്കായി ഉപയോഗിക്കുന്ന പുരാതനവും ആധുനികവുമായ വയർലെസ് ഉപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. ബോംബ് സ്‌ക്വാഡിന്റെ ഉപകരണങ്ങളുടെ പ്രദർശനവും വിവരാവതരണവും വിരലടയാള വിദഗ്ധരുടെ ചിത്രപ്രദർശനവും സ്റ്റാളിലുണ്ട്. പ്രദർശനവേദിയിൽ ദിവസവും പല വിഷയങ്ങളിൽ സെമിനാറുകളും മത്സരങ്ങളും കലാപരിപാടികളുമുണ്ട‌്. 
 
നവകേരള നിർമാണത്തിന‌് പ്രതിജ‌്ഞാബദ്ധമായ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നേട്ടങ്ങൾ കാണാനുള്ള അവസരത്തിനൊപ്പം സൗജന്യ സേവനങ്ങളെപ്പറ്റി മനസ്സിലാക്കാനും ഈ പ്രദർശന സ്റ്റാളുകൾ സഹായകരമാണ‌്. ആരോഗ്യ, ആയുഷ‌് വകുപ്പുകളുടെ വിവിധ സ‌്റ്റാളുകളിൽ ജീവിതശൈലീ രോഗങ്ങൾക്ക‌് സൗജന്യ പരിശോധനയുമുണ്ട‌്. കൃഷി വകുപ്പിന്റെ സ‌്റ്റാളിൽ സന്ദർശകരെ വരവേൽക്കാൻ കാളവണ്ടി ചക്രവും ജലചക്രവും ഒറ്റത്തടിയിൽ തീർത്ത ചക്കവിളക്കും കേരവിളക്കും ഒരുക്കിയിട്ടുണ്ട‌്. നൂതനവും ശാസ‌്ത്രീയവുമായ കൃഷി രീതികളും അടുത്തറിയാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും വിവിധ വിപണന സ‌്റ്റാളുകളുമുണ്ട‌്. വൻ ജനത്തിരക്കാണ‌് പ്രദർശനനഗരിയിൽ അനുഭവപ്പെടുന്നത‌്‌. പ്രവേശനം പൂർണമായും സൗജന്യമാണ‌്. ഈ മാസം 27 വരെ പ്രദർശനം നീളും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top