24 June Monday
കെട്ടിടം ഉദ‌്ഘാടനം 27ന‌്

കണ്ണാശുപത്രിക്ക‌് സ്വപ്‌നസാക്ഷാൽക്കാരം

വി കെ അനുശ്രീUpdated: Sunday Feb 24, 2019

റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയുടെ (ആർഐഒ) പുതിയ ഏഴുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ 27ന‌് ഉദ‌്ഘാടനം ചെയ്യും

തിരുവനന്തപുരം
സൗകര്യക്കുറവിനാൽ ശ്വാസം മുട്ടുന്ന കണ്ണാശുപത്രിക്ക‌് പുതിയ കെട്ടിടമെന്ന ദീർഘകാല സ്വപ്നത്തിന‌് സാക്ഷാൽക്കാരം. റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയുടെ (ആർഐഒ) പുതിയ ഏഴുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ 27ന‌് ഉദ‌്ഘാടനം ചെയ്യും. കൂടുതൽ ഓപ്പറേഷൻ തീയറ്ററുകളടക്കം ആധുനിക സൗകര്യങ്ങളോടെ 20 കോടി ചെലവിൽ പൂർത്തീകരിച്ച കെട്ടിടം ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. നാല‌് ഘട്ടങ്ങളായാണ‌് ഏഴുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത‌്. താഴത്തെ നിലയിൽ ഔട്ട‌് പേഷ്യന്റ‌് രജിസ‌്ട്രേഷൻ, ഫാർമസി സംവിധാനങ്ങളാണ‌് ഒരുക്കിയിരിക്കുന്നത‌്. ഒന്നാം നിലയിൽ റഫറൽ ഒപിയും, രണ്ടാം നിലയിൽ ഗ്ലൂക്കോമ, കോർണിയ ക്ലിനിക്കുകൾ, കുട്ടികളുടെ നേത്രചികിത്സാ വിഭാഗം, കോങ്കണ്ണ‌് ചികിത്സാ വിഭാഗം എന്നിവയുമാണുള്ളത‌്. ബയോ കെമിസ‌്ട്രി, പാത്തോളജി, മൈക്രോ ബയോളജി ലാബുകളാണ‌് മൂന്നാം നിലയിൽ. അന്നന്ന‌് വിടുതൽ ചെയ്യാവുന്ന രോഗികൾക്കായുള്ള ഡേ കെയർ വാർഡാണ‌് നാലാം നിലയിൽ. ആറാം നിലയിലാണ‌് പുതിയ നാല‌് ഓപ്പറേഷൻ തീയറ്ററുകൾ. പഴയ കെട്ടിടത്തിലെ മൂന്ന‌് തീയറ്ററുകളിലായുള്ള യൂണിറ്റുകൾ തുടർന്നും പ്രവർത്തിക്കും. പുതിയ തീയറ്ററുകളുടെ വരവോടെ ശസ്ത്രക്രിയക്കായുള്ള നീണ്ട കാത്തിരിപ്പിൽനിന്ന‌് രോഗികൾക്ക‌് മോചനമാകും. ഭൂഗർഭ നിലയിലാണ‌് ക്യാന്റീൻ. ഇലക്ട്രിക്കൽ റൂം, ഇ–- ഹെൽത്ത‌് ഓഫീസ‌് എന്നിവയും ഇവിടെയാണുള്ളത‌്. 
 
രോഗികൾക്കോ ആശുപത്രി പ്രവർത്തനത്തിനോ തടസ്സമാകാത്ത തരത്തിൽ പടിപടിയായാവും പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റമെന്ന‌് ആർഐഒ ഡയറക്ടർ ഡോ.വി സഹസ്രനാമം പറഞ്ഞു. ആൾത്തിരക്ക‌് കുറഞ്ഞ വാരാന്ത്യങ്ങളിലാകും വലിയ മെഷീനുകളും മറ്റും മാറ്റുക. സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ പുതിയ കെട്ടിടത്തിലേക്ക‌് മാറുന്നതോടെ മറ്റ‌് ഒപികളിൽ അനുഭവപ്പെടുന്ന തിരക്കിനും പരിഹാരമാകും.  കഴിഞ്ഞ എൽഡിഎഫ‌് സർക്കാരാണ‌് ലക്ഷക്കണക്കിന‌് രോഗികൾക്ക‌് ആശ്വാസമാകുന്ന ആർഐഒയിൽ പുതിയ മന്ദിരം നിർമിക്കാൻ അനുമതി നൽകിയത‌്. നിർമാണവും ആരംഭിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഗുരുതരമായ മെല്ലെപ്പോക്ക‌് സമീപനം സ്വീകരിച്ച യുഡിഎഫ‌് സർക്കാർ തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ പണി പൂർത്തിയാക്കാത്ത കെട്ടിടത്തിന്റെ ഉദ‌്ഘാടന പ്രഹസനം നടത്താനും തയ്യാറായി. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെട്ടിടനിർമാണം ത്വരിതഗതിയിൽ പൂർത്തിയാക്കാൻ  ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യം ആരംഭിക്കുകയും സർക്കാരിന്റെ ആയിരം ദിനങ്ങളിൽ നിർമാണം പൂർത്തിയാക്കാനുമായി.
പ്രധാന വാർത്തകൾ
 Top