കൊല്ലം
കോർപറേഷന്റെ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ ദശാബ്ദങ്ങളായി കുന്നുകൂടിയ 1.04 ലക്ഷം ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്യുന്ന ബയോ മൈനിങ് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. ഇവിടെ നിന്ന് വേർതിരിക്കുന്ന ആർഡിഎഫ് ലോഡ് സിമന്റ് കമ്പനികളിലേക്ക് അയക്കുന്നതിന്റെ ഫ്ലാഗ് ഓഫ് തിങ്കൾ രാവിലെ 8.30ന് മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. എംഎൽഎമാരായ എം മുകേഷ്, സുജിത് വിജയൻപിള്ള, എം നൗഷാദ് എന്നിവർ പങ്കെടുക്കും. മാലിന്യത്തെ വിവിധ ഘടകങ്ങളായി വേർതിരിച്ച് പരിസ്ഥിതിക്ക് അനുകൂലമായ രീതിയിൽ ഓരോന്നും പ്രത്യേകം സംസ്കരിക്കുന്നതാണ് ബയോമൈനിങ്. മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക്കും മറ്റും കത്താൻ സാധ്യതയുള്ള വസ്തുക്കളും ഉൾക്കൊള്ളുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ (ആർഡിഎഫ്), മണ്ണ്, കല്ല്, ലോഹവസ്തുക്കൾ, ചില്ല്, ടയർ, തടി തുടങ്ങിയവ വേർതിരിക്കും. പ്ലാസ്റ്റിക്കും മറ്റും കത്തുന്ന മാലിന്യങ്ങളും സിമന്റ് ഫാക്ടറികളിലെ ചൂളകളിൽ ഉപയോഗിക്കുന്നതിനാൽ സ്വാഭാവിക ഇന്ധനമായ കൽക്കരിക്കും വിറകിനും പകരമായി പ്രയോജനപ്പെടുത്തും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് ബയോമൈനിങ്.
കേന്ദ്ര സർക്കാരിന്റെ ഖരമാലിന്യ സംസ്കരണ നിയമങ്ങൾക്ക് അനുസൃതമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ കോർപറേഷൻ എൻജിനിയറിങ്, ആരോഗ്യവകുപ്പുകളുടെ മേൽനോട്ടത്തിലാണ് മാലിന്യം സംസ്കരിക്കുന്നത്.
ജൂലൈയിൽ പൂർത്തിയാകും
സംസ്ഥാനത്തെ ആദ്യ സമ്പൂർണ സംയോജിത ബയോമൈനിങ് പദ്ധതിയും രാജ്യത്തെ റംസാർ സൈറ്റിൽ നടപ്പാക്കുന്ന ആദ്യ പദ്ധതിയുമാണിത്. 1,04,906.88 മീറ്റർ ക്യൂബ് മാലിന്യമാണ് ശേഖരിക്കുന്നത്. ഒരു മീറ്റർ ക്യൂബിന് 1130 രൂപ എന്ന കണക്കിൽ സിഗ്മ ഗ്ലോബൽ എൻവിറോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ എടുത്തത്. ജൂലൈയിൽ പദ്ധതി പൂർത്തിയാക്കും.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കൊല്ലം മുനിസിപ്പൽ കോർപറേഷൻ ലെഗസി മാലിന്യം നീക്കുന്നതിനായി മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചത്. കോഴിക്കോട് എൻഐടിയുടെ നേതൃത്വത്തിലാണ് മാലിന്യത്തിന്റെ വ്യാപ്തം അളന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..