28 February Sunday

രുചിച്ചറിയാം കൈപ്പാടിന്റെ ജൈവ മാഹാത്മ്യം

സ്വന്തം ലേഖികUpdated: Sunday Jan 24, 2021

കണ്ണൂർ കൈപ്പാട്‌ ഫാർമേഴ്‌സ്‌ സൊസൈറ്റിയുടെ താവത്തെ ഭക്ഷണശാലയിൽനിന്ന്‌

കണ്ണൂർ
മൺചട്ടിയിൽ ചൂടാറാത്ത നല്ല കൈപ്പാട്‌ കുത്തരിക്കഞ്ഞി. കോരിക്കുടിക്കാൻ കുഞ്ഞു ചിരട്ടക്കയ്യിൽ. കൂട്ടിന്‌ ചമ്മന്തി, ചുട്ടപപ്പടം, കൂൺകറി, പുഴുക്ക്‌, അച്ചാർ... ചോറുവേണ്ടവർക്ക്‌ കുത്തരിച്ചോറും ചെമ്മീൻ കറിയും. മധുരപ്രിയർക്ക്‌ കുത്തരി പായസവും‌.  വായിൽ വെള്ളമൂറുന്ന രുചി‌  വൈവിധ്യങ്ങളാണ്‌ പഴയങ്ങാടി മേൽപ്പാലത്തിനു കീഴിലെ ഫുഡ്‌സെക്യൂരിറ്റി ആർമി–-കർഷകസേവാകേന്ദ്രത്തിൽ കാത്തിരിക്കുന്നത്‌.  
കണ്ണൂർ കൈപ്പാട്‌ ഫാർമേഴ്‌സ്‌ സൊസൈറ്റിക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആരോഗ്യ സുരക്ഷയിലേക്കും കാർഷികസമൃദ്ധയിലേക്കും  നാടിനെ നയിക്കുന്ന ഉൽപന്നങ്ങളും സേവനങ്ങളുമാണ്‌  നൽകുന്നത്‌.
രോഗപ്രതിരോധശേഷിയും ഔഷധ ഗുണവുമുള്ള കൈപ്പാട്‌ അരിയാണ്‌  പ്രധാന ഇനം. ഏഴോം, പട്ടുവം പ്രദേശങ്ങളിലെ കൈപ്പാട്‌ കർഷകരിൽനിന്നാണ്‌ അരി ശേഖരിക്കുന്നത്‌. കൈപ്പാട്‌ അവൽ,  ജ്യൂസുകൾ, നാടൻ നെൽവിത്തുകൾ, ജൈവ പോഷകക്കൂട്ടുകൾ, ജീവാണു വളങ്ങൾ, ജൈവ കീടനാശിനികൾ,  പച്ചക്കറി വിത്തുകൾ, തൈകൾ, മരുന്ന്‌ ചെടികൾ, പഴവർഗങ്ങൾ,  തെങ്ങിൻ തൈകൾ എന്നിവയും വിൽപ്പനയ്‌ക്കുണ്ട്‌.  
  ബുഷ്‌ കട്ടിങ്‌, തെങ്ങുകയറ്റം അടക്കമുള്ള കാർഷിക പ്രവൃത്തികൾക്കും  കേന്ദ്രത്തിൽനിന്ന്‌ ആളുകളെ ലഭിക്കും. ആധുനിക കൃഷിരീതികളും യന്ത്രങ്ങളുടെ  ഉപയോഗവും പരിശീലിച്ച യുവാക്കളുടെ സേവനമാണ്‌ നൽകുന്നത്‌.   പഠനാവശ്യങ്ങൾക്കായുള്ള കൈപ്പാട്‌  സന്ദർശനവും പരിശീലനക്ലാസുകളും  ഒരുക്കും. 
ദീർഘകാല ഉൽപാദനക്ഷമതയുടെ അടിസ്ഥാനത്തിൽ കൃഷി സംവിധാനത്തെ ഉപയോഗപ്പെടുത്തുക, കൃഷിക്ക്‌ തുടർച്ചയുണ്ടാക്കുക, ജൈവ നെൽകൃഷി യാഥാർഥ്യമാക്കുക തുടങ്ങിയവയാണ്‌  സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ. സൊസൈറ്റി സെക്രട്ടറി കെ മോഹനനും പ്രസിഡന്റ്‌  പി ഗോവിന്ദനുമാണ്‌. 
പിലിക്കോട്‌ കാർഷിക ഗവേഷണകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്‌  പ്രവർത്തിക്കുന്നത്‌. അസോസിയറ്റ്‌ ഡയറക്ടർ ഓഫ്‌ റിസർച്ച്‌ ഡോ. ടി വനജയുടെ മേൽനോട്ടത്തിലാണ്‌ പ്രവർത്തനം. ഫോൺ: 8289917524.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top