05 July Sunday
ആശ്വാസവാക്കുകളില്ലാതെ രോഹിണിയിലേക്ക്‌ ജനപ്രവാഹം

അവർ അന്ത്യയാത്രയിലും ഒരുമിച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
 
തിരുവനന്തപുരം 
ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവനിലേക്ക്‌ നാടാകെ ഒഴുകിയെത്തുകയാണ്‌. മൂകമായി തേങ്ങുന്ന വീട്ടിലേക്ക്‌ എത്തുന്നവർ ആശ്വാസവാക്കുകളൊന്നും പറയാനാകാതെ വലയുകയാണ്‌. 
ദാരുണസംഭവം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തി. രാഷ്‌ട്രീയനേതാക്കളും പൊതുപ്രവർത്തകരും വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. പ്രവീണിന്റെ വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും അsക്കം നിരവധി പേരാണ് വീട്ടിലെത്തുന്നത്. ദുരന്തവിവരം അറിഞ്ഞ ചൊവ്വാഴ്ച ഉച്ചമുതൽ തുടങ്ങിയ തിരക്ക് വ്യാഴാഴ്ച രാത്രി വൈകിയും തുടരുകയാണ്‌. പ്രവീണിന്റെയും ശരണ്യയുടെയും ബന്ധുക്കൾ വീട്ടിൽതന്നെയുണ്ട്‌. 
പ്രവീണിന്റെ വീടായ രോഹിണി സ്ഥിതിചെയ്യുന്ന അയ്യൻകോയിക്കൽ ലെയ്‌ൻ ഒരു വാഹനത്തിന്‌ മാത്രം കടന്നുപോകാനാകുന്ന ഇടറോഡാണ്‌. അപകടവിവരം അറിഞ്ഞതോടെ വീട്ടിലേക്ക്‌ എത്തുന്നവരുടെ വാഹനങ്ങൾ നിറഞ്ഞ്‌ റോഡിൽ പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു. പൊതുപ്രവർത്തകരും പൊലീസും സമയോചിതമായി ഇടപെട്ടാണ്‌ ഗതാഗതം ക്രമീകരിക്കുന്നത്‌. 
സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾക്ക്‌ പരിമിതിക്കുള്ളിലും പാർക്കിങ്ങിന്‌ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. അയ്യൻകോയിക്കൽ ക്ഷേത്രപരിസരത്തും അടുത്തുള്ള മറ്റ് മൂന്ന് പറമ്പിലുമാണ്‌ പാർക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്‌. 
നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായിരുന്ന പ്രവീണിന്റെയും കുടുംബത്തിന്റെയും അകാല വേർപാട്‌ ചേങ്കോട്ടുകോണം പ്രദേശത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. 
31ന്‌ നാട്ടിലെ ഉത്സവത്തിന്‌ എത്തുമെന്നാണ്‌ പ്രവീൺ അറിയിച്ചിരുന്നത്‌. ഗൾഫിൽനിന്ന്‌ കൊച്ചിയിലെ വീട്ടിലെത്തിയ പ്രവീണും കുടുംബവും അവിടെനിന്നാണ്‌ ഡൽഹിയിലേക്കും പിന്നീട്‌ നേപ്പാളിലേക്കും പോയത്‌. യാത്ര പൂർത്തിയാക്കി ഉത്സവത്തിനായി മകനും കുടുംബവും എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു കൃഷ്ണൻനായരും പ്രസന്നയും.
 
 
 
പ്രധാന വാർത്തകൾ
 Top