29 February Saturday

സാരി പഴയ സാരിയല്ല; ഒന്നാന്തരം സഞ്ചിയാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
എം ഒ ഷിബു
ചിറയിൻകീഴ്
പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ചല്ലോ ഇനി ഞങ്ങളെന്ത്‌ ചെയ്യും എന്ന്‌ ആലോചിച്ച്‌  ആശങ്കപ്പെടാൻ വരട്ടെ. പരിഹാരമില്ലാത്ത പ്രശ്‌നമില്ലെന്നാണ്‌ സിപിഐ എം വലിയകട ബ്രാഞ്ചിലെ സഖാക്കൾ പറയുന്നത്‌. വീട്ടിൽ പഴയ സാരിയുണ്ടോ..? ഉണ്ടെങ്കിൽ പ്ലാസ്റ്റിക്കല്ല തുകൽ നിരോധിച്ചാലും പ്രകൃതിദത്ത ബാഗുകൾ വീട്ടിൽ കിടന്ന്‌ തിളങ്ങും. ബ്രാഞ്ച് പരിധിയിലുള്ള അഞ്ഞൂറ്‌ വീടുകളിൽ സൗജന്യമായി തുണിസഞ്ചി നൽകിയാണ്‌ പ്ലാസ്റ്റിക്കിന്‌ ബദൽ നമ്മുടെ വീട്ടിൽ തന്നെയുണ്ടെന്ന്‌ അവർ തെളിയിച്ചത്‌. അവരവർക്ക് വേണ്ട തുണിസഞ്ചികൾ മുതൽമുടക്കില്ലാതെ നിർമിക്കാൻ കഴിയും എന്ന ബോധവൽക്കരണം നൽകുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ബ്രാഞ്ചിലെ ഏഴ്‌ വനിതകളാണ്‌ തുണിസഞ്ചിയുടെ ശിൽപ്പികൾ. പ്രദേശത്തെ വീടുകളിൽനിന്നും പഴയ സാരി ശേഖരിച്ചായിരുന്നു നിർമാണം. 
തീർന്നില്ല, വേണ്ടി വന്നാൽ പേപ്പർബാഗും തുണിസഞ്ചികളും  ആവശ്യക്കാർക്ക്‌ മിതമായ വിലയിൽ നൽകാനും ഒരുക്കമാണെന്ന് ബ്രാഞ്ച് സെക്രട്ടറി കൃഷ്ണജിത്ത് പറയുന്നു. തുണിസഞ്ചികളുടെ വിതരണോദ്ഘാടനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് നിർവഹിച്ചു. മുതിർന്ന പാർടി അംഗം പി പ്രഭാകരൻ അധ്യക്ഷനായി. 
സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി മുരളി, പി മണികണ്ഠൻ, ശാർക്കര ലോക്കൽ സെക്രട്ടറി ജി വ്യാസൻ, കഥാകൃത്ത് ഡി സുചിത്രൻ എന്നിവർ സംസാരിച്ചു.  ആർ കൃഷ്ണജിത്ത് സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top