29 February Saturday

ജപ്തി: യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
കഴക്കൂട്ടം 
ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാരുടെ മുന്നിൽ  യുവതിയും കുടുംബവും  മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . ചെമ്പഴന്തി ശ്യാമളാലയത്തിൽ മനോജിന്റെ ഭാര്യ ശാലിനിയും ഭർതൃപിതാവുമാണ്‌  ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാശ്രമം നടത്തിയത് . സുഹൃത്തുക്കൾ ഒരുക്കിയ ചതിക്കുഴിയിൽ പെട്ട്  കിടപ്പാടം പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയിലായി വിദേശത്താണ്‌ ശാലിനിയുടെ ഭർത്താവ്‌ മനോജ്‌.  
എട്ടുവർഷം മുമ്പാണ്  ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന  മനോജ്( 41) ഒരു പ്രമുഖ മലയാളി ടി വി താരത്തിന്റെ  സഹോദരനെ പരിചയപ്പെട്ടത് . ഗൾഫിൽ പഴം പച്ചക്കറി  കച്ചവടം  തുടങ്ങാൻ തന്റെ ചെമ്പഴന്തിയിലെ വീടും എട്ടര സെന്റ്‌ വസ്തുവും ഈ സുഹൃത്തിന്റെ  ഭാര്യയുടെ പേരിൽ എഴുതിക്കൊടുത്തു.  ബിസിനസ്‌ ആവശ്യത്തിനായി കരമനയിലുള്ള ഐ ഡി ബി ഐ ബാങ്കിന്റെ ശാഖയിൽ നിന്നും നാൽപ്പത്തിയെട്ടു ലക്ഷം രൂപ വായ്‌പ എടുത്തു  ഒരുമാസത്തിനകം തിരിച്ചെടുക്കാമെന്നു പറഞ്ഞാണ് വസ്തു ഈടായി നൽകിയതെന്ന് ശാലിനി കഴക്കൂട്ടം പൊലീസിൽ പരാതി  നൽകി .
ദുബായിൽ  ഉദ്ദേശിച്ച ബിസിനസ്‌ നടത്താനാകാതെ മനോജ് ദുബായിൽനിന്നും ഒമാനിലേക്ക് പോയി.  അവിടെയും സുഹൃത്ത്‌ അയാളുടെ കൂട്ടുകാരുമായെത്തി  മനോജിന്റെ സ്പോൺസറായ അറബിയിൽനിന്നും മനോജിന്റെ പാസ്പോർട്ട് പണയംവച്ച്‌ പത്തുലക്ഷം രൂപ വാങ്ങി . സുഹൃത്ത്‌  മുങ്ങിയതോടെ സ്പോൺസർ മനോജിനെതിരെ കേസുകൊടുക്കുകയും മനോജ് ഒമാനിൽ ജയിലിലാകുകയും ചെയ്തു . ഇപ്പോൾ ജയിൽ മോചിതനായ മനോജ് നാട്ടിൽ എത്താനാകാത്ത അവസ്ഥയിലാണ് . ബാങ്കുകാർ പലവട്ടം നോട്ടീസ് അയച്ചു.  ഇപ്പോൾ ജപ്തി നടപടികളുമായി  എത്തിയതോടെയാണ് കുടുംബം ആത്മഹത്യാ ശ്രമം നടത്തിയത് .പൊലീസും നാട്ടുകാരും എത്തിയതോടെ  ജപ്തി നടപടികൾ നിർത്തിവച്ച്‌ മാർച്ച്എട്ടിന് മുൻപ്  പണം അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ബാങ്ക്  അധികൃതർ മടങ്ങി.
 
പ്രധാന വാർത്തകൾ
 Top