27 September Sunday
സർക്കാരിന്‌ ഒരായിരം നന്ദി

പിറന്ന മണ്ണിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പട്ടയമേള ഉദ്‌ഘാടനം ചെയ്യാനെത്തിയ റവന്യു മന്ത്രി ചന്ദ്രശേഖരനെയും വിശിഷ്‌ടാതിഥികളെയും വേദിയിലേക്ക്‌ സ്വീകരിച്ചാനയിക്കുന്നു

 പത്തനംതിട്ട

തലമുറകളായി കൈവശം ഇരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുകയെന്ന സ്വപ്നസാക്ഷാൽക്കാരമാണ് കരികുളത്തെയും അത്തിക്കയത്തെയും കോന്നിയിലെയും  അഞ്ഞൂറോളം കുടുംബങ്ങൾക്ക് പട്ടയമേളയിലുടെ സാധ്യമായത്. ജില്ലയിലെ ആറു താലൂക്കുകളിലെ 511 പേർക്കുള്ള പട്ടയം റെവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വിതരണം ചെയ്യുമ്പോൾ അശരണരായ പാവങ്ങളുടെ ആറും ഏഴും ദശകങ്ങളുടെ കാത്തിരിപ്പിന് അന്ത്യമാവുകയായിരുന്നു. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇവർ പിറന്ന മണ്ണിന് അവകാശികളായത്. 
നിയമഭേദഗതിയിലൂടെ ഒരു വിഭാഗത്തെ പിറന്ന മണ്ണിൽനിന്ന് പിഴുതെറിയാൻ കേന്ദ്രം ശ്രമിക്കുമ്പോൾ കിടപ്പാടത്തിന് ഉടമാവകാശം നൽകി പാവങ്ങളെ ചേർത്തുനിർത്തുകയാണ് സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ. അശരണരുടെ കണ്ണീരൊപ്പാൻ തങ്ങൾ കൂടെയുണ്ടെന്ന സന്ദേശമാണ് ഓരോ പദ്ധതികളിലൂടെയും എൽഡിഎഫ് സർക്കാർ വ്യക്തമാക്കുന്നത്. 
 പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ ആയിരങ്ങൾ സാക്ഷിയായ ചടങ്ങിൽ മന്ത്രിയുടെയും ജനപ്രതിനിധികളുടെയും കൈയ്യിൽനിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ വൃദ്ധരായ മാതാപിതാക്കളുടെ കണ്ണുകൾ ആനന്ദാശ്രുക്കൾ പൊഴിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ജോലി തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് വലയുമ്പോൾ കിടപ്പാടത്തിന്റെ പട്ടയം ഒരു താങ്ങാകുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ചിലർ. 
കൂടുതൽ പട്ടയം റാന്നി താലൂക്കിൽ ആയിരുന്നു. 362. കോന്നി –- 66, കോഴഞ്ചേരി –- 33, തിരുവല്ല –- 23, മല്ലപ്പള്ളി  20, അടൂർ –- ഏഴ്‌ എന്ന ക്രമത്തിലാണ്‌  പട്ടയങ്ങൾ. 
റെവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പട്ടയ വിതരണം ഉദ്ഘാടനം ചെയ്തു. വീണാ ജോർജ് എംഎൽഎ അധ്യക്ഷയായി. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി. കലക്ടർ പി ബി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു.  എംഎൽഎമാരായ രാജു എബ്രഹാം, കെ യു ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി,  മുൻസിപ്പൽ വാർഡ് മെബർ സുശീല പുഷ്പൻ, കോഴഞ്ചേരി തഹസിൽദാർ കെ ഓമനക്കുട്ടൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ പി ജയൻ, അലക്സ് കണ്ണമല, എബ്രഹാം തലവടി, ഷാഹുൽ ഹമീദ്, സനോജ് മേമന, എൻ എം രാജു, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തിരുവല്ല സബ് കലക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതവും അടൂർ ആർഡിഒ പി ടി എബ്രഹാം നന്ദിയും പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top