നീലേശ്വരം
നാടിന്റെ റോഡെന്ന സ്വപ്നം പൂവണിഞ്ഞു; ഇനി ഇതുവഴി ബസ് സർവീസ് അനുവദിക്കണ മെന്നാണ് നാട്ടുകാരുടെ കൂട്ടായ ആവശ്യം തേജസ്വിനിപ്പുഴയോരം ചേർന്ന് കിനാന്നൂർ - കരിന്തളം പഞ്ചായത്തിലെ മുക്കടയിൽ നിന്നും പാറക്കോൽ വഴി കണിയാടവരെ തീരദേശ റോഡിലൂടെയാണ് ബസ് വേണമെന്ന ആവശ്യമുയർന്നത്.
ഇത്രയും കാലം റോഡില്ലാത്ത വേവലാതിയായിരുന്നു. എന്നാൽ റോഡ് ജോറയിട്ടും വാഹനയാത്ര ഇന്നും അപ്രാപ്യം. മുക്കട, കുണ്ടൂർ, പുല്ലാഞ്ഞിയോട്ട്, വടക്കെ പുലിയന്നൂർ, ചെറുപ്പക്കോട്, മനയംകോട്, തളിയമ്മാട, അണ്ടോൾ, കാവുതിയോട്ട്, മെട്ടക്കുന്ന്, വേളൂർ, പാലാട്ടര, ചാറക്കോൽ, കീഴ്മാല, മണ്ടംവളപ്പ്, കിനാനൂർ, കോളിക്കാൽ, അരയാക്കടവ്, കണിയാട പ്രദേശങ്ങളിലുള്ളവർക്ക് ഇന്നും ശരണം കാൽനടയാത്ര തന്നെ. വലിയ കയറ്റം കയറി കിലോമീറ്ററുകൾ നടന്നാലെ നീലേശ്വരം ചിറ്റാരിക്കാൽ റോഡിലെ കാലിച്ചാമരം, കോയിത്തട്ട, കരിന്തളം, തോളെനി, തലയടുക്കം, കൊല്ലമ്പാറ, കിനാനൂർ റോഡ്, ചോയ്യങ്കോട്, നരിമാളം, ചായ്യോം എന്നിവിടങ്ങളിലെത്താനാകൂ.
വിദ്യാർഥികളടക്കം നൂറും നൂറ്റമ്പതും രൂപ കൊടുത്ത് ഓട്ടോയിലും മറ്റുമാണ് പുറം ലോകവുമായി ബന്ധപ്പെടുന്നത്. കർഷകർ അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ വ്യാപാര കേന്ദ്രങ്ങളിലെത്തിക്കാനും നന്നേ പ്രയാസം നേരിടുന്നു. മുമ്പ് തേജസ്വിനിപ്പുഴയിലൂടെ ബോട്ടും ചീനകളും സർവീസ് നടത്തിയിരുന്നു. ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്തിരുന്നു. കാലം മാറിയ തോടെ ഇവയെല്ലാം പഴങ്കഥയായി.
തേജസ്വിനിപ്പുഴക്ക് കുറുകെ കിനാനൂർ കരിന്തളം പഞ്ചായത്തിനെയും കയ്യൂർ - ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മുക്കടയിലും അരയാക്കാടവിലും പാലങ്ങളും യാഥാർഥ്യമായിട്ടുണ്ട്. അരയാക്കടവിലൂടെ അത്യാവശ്യം ബസുകൾ ഓടുന്നുണ്ടെങ്കിലും മുക്കടയിലൂടെ ബസില്ല. മുക്കടയിൽ നിന്നും നീലേശ്വരത്തേക്ക് എത്തുന്ന ദൂരം കൊണ്ട് ചീമേനി വഴി പയ്യന്നൂരിലേക്ക് എളുപ്പത്തിൽ എത്താം. മലയോര മേഖലയിൽ നിന്നും പയ്യന്നൂർ പറശ്ശിനിക്കടവ് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകാനും എളുപ്പമാകും.
നീലേശ്വരത്തു നിന്നും അരയാക്കട വഴി ചീമേനി, പയ്യന്നൂർ, മുക്കട വഴി കുന്നുംകൈ ഭീമനടി, വെളളരിക്കുണ്ട്, ബളാൽ, കൊന്നക്കാട്, ചിറ്റാരിക്കാൽ, ചെറുപുഴ എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്താനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..