24 November Tuesday
കുടുംബശ്രീയുടെ നവീന സംരംഭം വരുന്നൂ

പെണ്ണുങ്ങളൊരുക്കും നഗരപ്പൂന്തോട്ടങ്ങൾ

നന്ദു വിശ്വംഭരന്‍Updated: Friday Oct 23, 2020
 
ആലപ്പുഴ
നഗരങ്ങളിലെ വീടുകളിൽ പൂന്തോട്ടവും അടുക്കളത്തോട്ടവും ഒരുക്കാനും പരിപാലിക്കാനും കുടുംബശ്രീ സേന. നഗരങ്ങളിൽ ഗാർഡനിങ് യൂണിറ്റുകൾ തുടങ്ങാൻ കുടുംബശ്രീ സംസ്ഥാന മിഷൻ തീരുമാനിച്ചു. 
നൂതന മേഖലകൾ കണ്ടെത്തി അയൽക്കൂട്ടം അംഗങ്ങൾക്ക് ഉപജീവനമാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നഗരങ്ങളിലെ വീടുകളിൽ പൂന്തോട്ടവും അടുക്കളത്തോട്ടം തയാറാക്കുന്നതിന്‌ തൊഴിലവസരം ഏറെയാണ്‌. ഇത് പ്രയോജനപ്പെടുത്താനാണ്‌ നാലുമുതൽ പത്തുവരെ അംഗങ്ങളുള്ള ഗ്രീൻകാർപറ്റ് സംഘങ്ങള്‍ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് 14 ജില്ലയിലും ടീമുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായെന്ന് കുടുംബശ്രീ മിഷൻ അറിയിച്ചു. ഓരോ ജില്ലയിലും അഞ്ച് ടീമുകള്‍ വീതം 70 യൂണിറ്റുകളാണ്‌ രൂപീകരിക്കുക.
 അടുക്കളത്തോട്ടം, പൂന്തോട്ടം, മട്ടുപ്പാവ് തോട്ടം എന്നിവയുടെ നിർമാണം, ലാൻഡ്സ്‌കേപ്പിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയവയ്‌ക്ക്‌ സംഘമെത്തും. 
വീടുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും  ഗ്രീൻകാർപറ്റ് സംഘങ്ങളുടെ സേവനം ലഭ്യമാണ്‌.   സംഘങ്ങൾക്ക് പ്രവർത്തന മൂലധനമായി പലിശ രഹിത വായ്‌പ (റിവോൾവിങ് ഫണ്ട്) കുടുംബശ്രീ നൽകും. ലാഭത്തിൽനിന്ന് സ്വയംപര്യാപ്തത കൈവരിച്ച് തുടർന്നുപോകാം. ജില്ലാ അടിസ്ഥാനത്തിലാണ് നിരക്കുകൾ തീരുമാനിക്കുക.തെരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് പരിശീലനം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 
കൃഷി വകുപ്പിന് കീഴിലുള്ള സമേതിയിലാകും (സ്‌റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് ആൻഡ് എക്‌സ്‌റ്റൻഷൻ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്) പരിശീലനം. രണ്ട് ആഴ്‌ചത്തെ പരിശീലനത്തിൽ വിത്തുൽപ്പാദനം, പൂന്തോട്ടമൊരുക്കൽ, അടുക്കളത്തോട്ടമൊരുക്കൽ, ലാൻഡ്സ്‌കേപ്പിങ്, പരിപാലനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. അടുത്ത വർഷമാദ്യം ഗ്രീൻ കാർപ്പറ്റ് ടീമുകൾ പ്രവർത്തന സജ്ജമാകും. ആദ്യ ബാച്ചിന്റെ പരിശീലനം ഈ മാസം തുടങ്ങും. ടൂൾ കിറ്റ്, യൂണിഫോം എന്നിവ കുടുംബശ്രീ  നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top